സ്വന്തം ലേഖകൻ
ലഖ്‌നൗ: ഒരു മാസം കൊണ്ടു ഒരു ലക്ഷം മുസ്ലീം കുടുംബങ്ങളെ മതംമാറ്റി ഹിന്ദു സമുദായാംഗങ്ങളാക്കാൻ സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നു. യുപി ഭരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാരിന്റെ രഹസ്യപിൻതുണയോടെയാണ് ആർഎസ്എസും – വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള സംഘപരിവാർ സംഘടനകൾ രംഗത്തിറങ്ങുന്നത്.
യുപിയിലെ അയോധ്യയിൽ രാമക്ഷേത്രം നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികളുടെ തുടർച്ചയായാണ് ഇപ്പോൾ ഖർവാപ്‌സി വീണ്ടും സജീവമാക്കാൻ സംഘപരിവാർ നീക്കം തുടങ്ങിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ആർഎസ്എസിനും സംഘ പരിവാർ സംഘടനകൾക്കും യുപിയിൽ ശക്തമായ സാന്നിധ്യമുണ്ട്. എന്നാൽ, മുസ്ലീം സമുദായത്തെ വരുതിയ്ക്കു നിർത്തണമെങ്കിൽ കൂടുതൽ ശക്തമായ നടപടികളിലൂടെ മാത്രമേ സാധിക്കൂ എന്നാണ് ആർഎസ്എസിന്റെ മതം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലീം സമുദായത്തിൽ നിന്നും ഒരാളെ പോലും മത്സരിപ്പിക്കാതിരുന്നിട്ടും ബിജെപി സർക്കാരിനു വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ യുപിയിൽ അധികാരത്തിൽ എത്താൻ സാധിച്ചിരുന്നു. എന്നാൽ, ഇതേ പിൻതുണ വരും നാളുകളിൽ ലഭിക്കണമെന്നില്ലെന്നാണ് ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് രഹസ്യമായി മുസ്ലീം കുടുംബങ്ങളെ ഹിന്ദു മതത്തിന്റെ ഭാഗമാക്കാൻ ആർഎസ്എസ് ആലോചിക്കുന്നത്. ഹിന്ദു സമൂദായാംഗങ്ങൾക്കു കൂടുതൽ ഗുണം ലഭിക്കുന്ന പദ്ധതികളും യോഗി ആദിത്യനാഥ് സർക്കാർ ഇതിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്നുണ്ട്. ഈ പദ്ധതികൾ പ്രഖ്യാപിച്ച ശേഷമാകും ആർഎസഎസ് നേതൃത്വത്തിൽ ഖർവാപസി നടപ്പാക്കുക എന്നാണ് റിപ്പോർട്ടുകൾ.