സ്വന്തം ലേഖകൻ
ലഖ്‌നൗ: ആശുപത്രിയിൽ എത്തിക്കാൻ വാഹന സൗകര്യമില്ലാത്തതിന്റെ പേരിൽ മൃതദേഹം ചുമക്കുന്നവരുടെ നാട്ടിൽ പശുവിനു ആംബുലൻസ് സൗകര്യം ഒരുക്കാനുള്ള വിവാദതീരുമാനവുമായി യോഗി സർക്കാർ രംഗത്ത്. യുപിയിൽ അധികാരത്തിൽഎത്തിയ ബിജെപി സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ബിജെപി സർക്കാർ വിവാദ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്. പശുക്കൾക്കു ആധാർ കാർഡ് നൽകാനുള്ള തീരുമാനത്തിനു പിന്നാലെയാണ് യുപിയിൽ പശുവിനു ആംബുലൻസ് ഒരുക്കുന്നത്
‘ഗോവംശ് ചികിത്സാ മൊബൈൽ വാൻസ് സർവീസ്’ എന്ന പേരിലാണ് പശുക്കൾക്ക് വേണ്ടി ആംബുലൻസ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.
മസ്ദൂർ കല്യാൺ സംഗതൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പശുക്കൾക്കായുള്ള ആംബുലൻസ് സർവ്വീസ് പ്രവർത്തിക്കുക. വാഹന സൗകര്യമില്ലാത്തതിനാലും ആംബുലൻസ് വിട്ട് നൽകാത്തതിനാലും മൃതദേഹങ്ങൾ ചുമന്ന് കൊണ്ടു പോകുന്ന നാട്ടിലാണ് ഗോ സംരക്ഷണത്തിന്റെ പേരിൽ വാഹനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പശുക്കൾക്ക് വേണ്ടിയുള്ള ആംബുലൻസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ലഖ്നൗവിലും ഗോരഖ്പൂരിലും വാരാണസിയിലും മധുരയിലും അലഹാബാദിലുമാണ് നിലവിൽ ആംബുലൻസ് സൗകര്യം ലഭ്യമാകുന്നത്.
ബന്ധപ്പെടുന്നതിനായ് ഗോ സേവാ ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസിൽ ഒരു വെറ്ററിനറി ഡോക്ടറും ഒരു അസിസ്റ്റന്റുമാണ് ഉണ്ടാവുക.
നേരത്തെ യു.പിയിൽ ആംബുലൻസ് സൗകര്യം ലഭ്യമല്ലാത്തതിന്റെ പേരിൽ 15 കാരന്റെ മൃതദേഹവും ചുമന്ന് പിതാവ് നടന്നത് വാർത്തയായിരുന്നു. ഇതേ സംസ്ഥാനത്ത് നിന്ന് തന്നെയാണ് പശുക്കൾക്കായുള്ള ആംബുലൻസ് സംസ്ഥാന ഉപമുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത വാർത്ത പുറത്ത് വരുന്നത്.