ന്യൂഡല്‍ഹി: മഹിഷാസുരനെ ആരാധിക്കുന്നത് രാജ്യദ്രോഹത്തിന് സമാനമായി കാണുന്ന ബി.ജെ.പിക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുമെതിരെ സീതാറം യെച്ചൂരിയുടെ വിമര്‍ശനം. കേരളത്തിലെ ഹിന്ദുക്കള്‍ അസുരരാജാവായ മഹാബലിയെ ആരാധിക്കുന്നവരാണ്. സര്‍ക്കാരിന് മഹിഷാസുരനെ കുറിച്ച് ഒന്നും അറിയില്ല. നല്ല ഹിന്ദു ആരെന്നുള്ള സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ തരുമോ ? രാജ്യത്തെ ഭിന്നിപ്പിക്കാന്‍ എന്തിനാണ് നിങ്ങള്‍ ഈ വിഷയങ്ങളെല്ലാം സഭയിലേക്ക് കൊണ്ടുവരുന്നതെന്നും യെച്ചൂരി ചോദിച്ചു.
സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതിനിടെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ മഹിഷാസുര ദിനം ആഘോഷിച്ചെന്നും ഇത് തറ്റാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. രോഹിത് വെമുലയെ ആത്മഹത്യയിലേക്ക തള്ളിവിട്ടത് ബി.ജെ.പി സര്‍ക്കാരാണെന്ന് യെച്ചൂരി പറഞ്ഞു. ഇത് കൊലപാതകമാണെന്നും യെച്ചൂരി പറഞ്ഞു. എല്ലാ കള്ളങ്ങളെയും ശരിയാക്കുന്ന നടപടിയാണ് സ്മൃതി ഇറാനി ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു. രോഹിതിനെതിരെ നടപടിക്ക് നിര്‍ദേശിച്ച സമിതിയില്‍ ഒരു ദളിത് പ്രൊഫസര്‍ ഉണ്ടായിരുന്നെന്നാണ് സ്മൃതി ഇറാനി പറയുന്നതെന്നും എന്നാല്‍ തന്റെ വിയോജന കുറിപ്പ് നല്‍കി അദ്ദേഹം രാജിവെക്കുകയാണ് ചെയ്തത് യെച്ചൂരി പറഞ്ഞു.
സ്മൃതി ഇറാനിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും രോഹിതിനെതിരായ അന്വേഷണ സമിതിയില്‍ ദളിതന്‍ ഇല്ലായിരുന്നെന്നും ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. അതേ സമയം ദുര്‍ഗാദേവിയെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ദുര്‍ഗയ്‌ക്കെതിരെ അപകീര്‍ത്തികരമായ ലഘുലേഖ സഭയില്‍ വായിച്ച മന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.