ഗുജറാത്ത്: ഗുജറാത്തിലെ ഭാവ്‌നഗറില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് കച്ചവടക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. എട്ടുപേരടങ്ങുന്ന സംഘം വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാക്കള്‍ പച്ചക്കറി കച്ചവടക്കാരനായ റഫീഖ് ഹുസൈന്‍ എന്നയാളെ അടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമീപത്തെ സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞു.
ഗുജറാത്തില്‍ ഒരു സംഘമാളുകള്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചുകൊന്നു. പച്ചക്കറി വില്‍പനക്കാരനായ റഫീഖ് ഹുസൈനാണ് കൊല്ലപ്പെട്ടത്. എട്ടോളം പേരടങ്ങിയ സംഘം വടികളും ഇരുമ്പു ദണ്ഡുകളും ഉപയോഗിച്ച് റഫീഖിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.അക്രമികള്‍ റഫീഖിനെ ഓടിച്ചുകൊണ്ടുവരുന്നതും അതിനുശേഷം മരിക്കുന്നതുവരെ തല്ലുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. 17 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ് അക്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നും പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍തന്നെ അവരെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
റഫീഖ് 25 ലക്ഷം രൂപക്ക് വീട് വാങ്ങിയിരുന്നു. കച്ചവടം മെച്ചപ്പെട്ട നിലയില്‍ നടന്നതിന് പണം വേണമെന്ന് ഒരു സംഘം യുവാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ കയ്യില്‍ പണമില്ലെന്നും വായ്പയെടുത്താണ് വീട് വാങ്ങിയതെന്നും ഇയാള്‍ യുവാക്കളോട് പറഞ്ഞു. പണം കൊടുക്കാത്തതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങളില്‍ യുവാക്കളുടെ മുഖം വ്യക്തമാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.