സ്വന്തം ലേഖകൻ
ലണ്ടൻ: യാത്രക്കാരിയുടെ അടിവസ്ത്രത്തിനുള്ളിൽ നിന്നും തേളിനെ കണ്ടെത്തിയതോടെ യുണൈറ്റഡ് എയർലൈൻസിന്റെ വിമാനം ഏഴു മണിക്കൂറോളം വൈകി. യുണൈറ്റഡ് എയർലൈൻസിന്റെ 1035 വിമാനത്തിലെത്തിയ യാത്രക്കാരിയുടെ അടിവസത്രത്തിലാണ് തേളിനെ കണ്ടെത്തിയത്.
ഹൂസ്റ്റൺ ജോർജ് ബൂഷ് ഇന്റർനാഷണൽ എയർപോർട്ടിലാണ് കഴിഞ്ഞ ദിവസം തേൾ വിമാനത്തിന്റെ യാത്രമുടക്കിയത്. ടെക്‌സസിൽ നിന്നും ഇക്വഡോറിലെ ക്വയറ്റയിലേയ്ക്കു പോകുകയായിരുന്നു വിമാനം. വിമാനത്തിനുള്ളിൽ യാത്രക്കാരെല്ലാം കയറി കഴിഞ്ഞപ്പോഴാണ് യാത്രക്കാരിയുടെ അടിവസ്ത്രത്തിൽ തേളിനെ കണ്ടെത്തിയത്. വിമാനത്തിൽ കയറിയപ്പോൾ മുതൽ അസ്വാഭാവികത അനുഭവപ്പെട്ട യുവതി എയർഹോസ്റ്റസുമാരുടെ സഹായം തേടുകയായിരുന്നു. വസ്ത്രം മാറ്റിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇവരുടെ അടിവസ്ത്രത്തിൽ നിന്നും തേളിനെ കണ്ടെത്തിയത്.
ഇവരുടെ അടിവസ്ത്രത്തിൽ ഇറുക്കിപ്പിടിച്ച നിലയിലായിരുന്നു തേളുണ്ടായിരുന്നത്. എന്നാൽ, ഇവരുടെ ശരീരത്തിൽ തേൾ ആക്രമണം നടത്തിയില്ല. അതുകൊണ്ടു തന്നെ ഇവർക്കു വിഷം ഏൽക്കുകയുണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇവരുടെ ശരീരത്തിൽ എവിടെ നിന്നാണ് തേൾ കയറിയതെന്നു വ്യക്തമല്ലാത്തതിനാൽ വിമാനത്തിൽ നിന്നു യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയ ശേഷം പരിശോധന നടത്തി. ഏഴു മണിക്കൂറോളം എടുത്താണ് പരിശോധന പൂർത്തിയായത്. ഇതേ തുടർന്നാണ് വിമാനം യാത്ര തുടർന്നതും.