ലഖ്നൗ: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ യുവമോര്‍ച്ചാ നേതാവ് വെടിയേറ്റു മരിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കൃഷ്ണ യാദവാ(25)ണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ യാദവിന്റെ സഹോദരിക്കും പരുക്കേറ്റു.
സിക്കന്ദ്ര റാവു നിയമസഭാ മണ്ഡലത്തിലെ ഗൗസ്ഗഞ്ജ് മൊഹല്ല പ്രവിശ്യയിലെ വസതിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. വെടിയൊച്ചയും ബഹളവും കേട്ടെത്തിയ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് യാദവിനെയും സഹോദരിയെയും ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും യാദവ് മാര്‍ഗമധ്യേ മരിച്ചിരുന്നു. തലയ്ക്കു വെടിയേറ്റ നിലയില്‍ സഹോദരി ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഥലത്തെത്തിയ പോലീസ് മുറിക്കുള്ളില്‍നിന്ന് നാടന്‍ പിസ്റ്റളും ഒഴിഞ്ഞ തിരയും കണ്ടെടുത്തു. യാദവ് ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണു നടന്നിരിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാമെന്നു പോലീസ് അറിയിച്ചു.
ജി.എസ്. ഹിന്ദു ഇന്റര്‍ കോളജിലെ പോളിങ് സ്റ്റേഷനു സമീപമാണ് യാദവിന്റെ വീട്. വിവരം പുറത്തായതോടെ സംഘര്‍ഷാത്മക അന്തരീക്ഷത്തിലാണ് മേഖലയില്‍ പോളിങ് പുരോഗമിച്ചത്.