ഐപിഎല്ലിൽ കരുത്തരുടെ പോരാട്ടമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും- സണ്‍റൈസസ് ഹൈദരാബാദും തമ്മിലുളള മത്സരത്തില്‍ പൊട്ടിത്തെറിയുണ്ടായി.യുവരാജ് സിംഗിന്റെ പക്വതമായ ഇടപെടൽ എല്ലാ പ്രശ്നങ്ങളും നിമിഷനേരംകൊണ്ട് അവസാനിപ്പിച്ചു.ക്രിക്കറ്റ് മൈതാനത്ത് ഇത്തരത്തിലുളള നിരവധി സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കൊല്‍ക്കത്തന്‍ താരം റോബിന്‍ ഉത്തപ്പ ഹൈദരാബാദിന്റെ യുവതാരം സിദ്ധാര്‍ത്ഥ് കൗറിനെ മത്സരത്തിനിടെ തോളുകൊണ്ട് ഇടിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. മത്സരത്തിന്റെ മൂന്നാം ഓവറിലെ അവസാന പന്തിലാണ് ഇതുണ്ടായത്. കൗറിനെ ബൗണ്ടറിയ്ക്ക് പായിച്ചശേഷമാണ് ഉത്തപ്പ കൗറിനെ ‘ആരും കാണാത്ത വിധം’ തോളുകൊണ്ട് ഇടിച്ചത്.
എന്നാല്‍ ഇത് ഹൈദരാബാദ് താരങ്ങളെ പ്രകോപിതരാക്കി. അമ്പയര്‍ ഇടപെട്ട് ഉത്തപ്പയോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഇതിനിടെയാണ് ഹൈദരാബാദ് താരം കൂടിയായ യുവരാജിന്റെ ഇടപെടല്‍.
ഉത്തപ്പയുടെ പെരുമാറ്റം അംഗീകരിക്കാനികില്ലെന്ന് ആദ്യം നിലപാടെടുത്ത യുവരാജ് പിന്നീട് മത്സരം പുരോഗമിക്കുന്നതിനിടെ ഉത്തപ്പയെ സ്‌നേഹപൂര്‍വ്വം കെട്ടിപ്പിടിച്ച താന്‍ ചെയ്ത തെറ്റ് എന്തെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. സ്‌നേഹനിധിയായ കുസൃതിക്കാരന്‍ അനിയനെ പോലെ ഉത്തപ്പ എല്ലാം തലകുലുക്കി സമ്മതിച്ചു. ഇതോടെ കളിക്കളത്തില്‍ പാറിയ ആ വൈരത്തീപൊരി അവിടെ കെട്ടടങ്ങി.
മത്സരത്തില്‍ 48 റണ്‍സിനാണ് ഹൈദരാബാദ് ജയിച്ചത്. ഹൈദരാബാദ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ കൊല്‍ക്കത്ത 161 റണ്‍സ് മാത്രമാണ് എടുത്തത്. ഹൈദരാബാദിനായി വാര്‍ണര്‍ സെഞ്ച്വറി നേടി. 59 പന്തില്‍ 10 ഫോറും എട്ട് സിക്‌സും സഹിതം 126 റണ്‍സാണ് വാര്‍ണര്‍ നേടിയത്.