ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ അര്‍ധശതകത്തോടെ തിളങ്ങിയെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ യുവരാജ് സിങിന് കഴിഞ്ഞില്ല. 186 റണ്‍ വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി അനായാസം മറികടന്നു. മത്സരം കൈവിട്ട് പോയതിന്റെ കാരണങ്ങള്‍ മാധ്യമങ്ങളുമായി പിന്നീട് യുവി പങ്കുവയ്ക്കുകയും ചെയ്തു. ആദ്യ ആറ് ഓവറുകളില്‍ തങ്ങളുടെ ബൗളര്‍മാര്‍ കൂടുതല്‍ റണ്‍ വഴങ്ങിയതാണ് വലിയ തിരിച്ചടിയായതെന്ന് യുവി പറഞ്ഞു. കരുണ്‍ നായര്‍ നല്‍കിയ അവസരം പാഴാക്കിയതും വിനയായി.
തുടക്കത്തില്‍ വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നെങ്കിലത് ഗുണകരമാകുമായിരുന്നു. ഇന്നിങ്‌സിന്റെ മധ്യ ഭാഗത്തും വിക്കറ്റുകള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം അന്യം നിന്നു. നെഹ്‌റക്ക് കളിക്കാനാകാത്തതും വിനയായി. ഭുവനേശ്വറിനെയും റാഷിദ് ഖാനെയും ഞങ്ങള്‍ വളരെയധികം ആശ്രയിക്കുന്നുണ്ട്. നെഹ്‌റ കൂടെ ചേരുമ്പോള്‍ ബൗളിങ് നിരക്ക് കരുത്തേകും. മറ്റ് യുവ ബൗളര്‍മാരെ സംബന്ധിച്ചിടത്തോളം ഇത് പഠിച്ച് വളരാനുള്ള അവസരമാണെന്നും ഇത് സമയമെടുക്കുന്ന പ്രക്രിയയാണെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.