കൊല്ലം: യോഗാ ഗുരു ബാബാ രാംദേവിനു പിന്നാലെ അമൃതാനന്ദമയിക്കും ഇനി കരിമ്പൂച്ചകളുടെ സംരക്ഷണം. വി ഐ പി സംസ്‌ക്കാരം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുപിന്നാലെയാണ് അമൃതാനന്ദമയിക്ക് വി ഐ പി സുരക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.
യോഗ ഗുരു ബാബാ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി. മാതാ അമൃതാനന്ദമയിക്കു കേന്ദ്ര സര്‍ക്കാര്‍ സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചിരിക്കുന്നത്. കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിലും അമൃതാനന്ദമയിക്കും 40 സിആര്‍പിഎഫ് ജവാന്മാരെ സുരക്ഷയ്ക്കായി നിയോഗിക്കും. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍സമയവും ഒപ്പമുണ്ടാവും. യന്ത്രതോക്കേന്തിയ സുരക്ഷാ ഭടന്മാരാണ് കാവല്‍ നില്‍ക്കുക. കേരളത്തില്‍ ആദ്യമായി ഇസഡ് കാറ്റഗറി സുരക്ഷ കിട്ടുന്ന വ്യക്തിയാണ് അമൃതാനന്ദമയീ.
അമൃതാനന്ദമയിയുടെ ജീവനു ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയാണു സുരക്ഷ അനുവദിച്ചത്. അമൃതാനന്ദമയിയെ കൊലപ്പെടുത്തി കേരളത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ വിവരം. ഇതോടെയാണ് അമ്മയുടെ സുരക്ഷ പരമാവധി കൂട്ടാന്‍ തീരുമാനം. സുരക്ഷാ ഭടന്മാരുടെ ചെലവ് ആശ്രമം വഹിക്കേണ്ടി വരുമെന്നാണ് സൂചന. ശതകോടികളുടെ വരവുള്ളതുകൊണ്ട് തന്നെ വള്ളിക്കാവ് ആശ്രമത്തിന് ഇതൊരു പ്രശ്‌നവുമാവില്ല.
2012ല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തില്‍ ബിഹാര്‍ സ്വദേശി സത്നാം സിങ്ങ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് സത്‌നാം മരണപ്പെട്ടു. മരണത്തിന്റെ ദുരൂഹത ഒട്ടേറെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അവസരമൊരുക്കി.
ആശ്രമത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും, മരണത്തിലും ഏതെങ്കിലും തരത്തിലുള്ള തീവ്രവാദി ബന്ധം ഉണ്ടെന്നെല്ലാം വാദമെത്തി. എ്ന്നാല്‍ ഇതെല്ലാം അന്വേഷണത്തില്‍ തെറ്റെന്ന് തെളിഞ്ഞു.