മാഡ്രിഡ്: സിനദിന്‍ സിദാന്‍ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരത്തില്‍ റയാല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. വെല്‍ഷ് താരം ഗാരെത് ബെയ്‌ലിന്റെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ റയാല്‍ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക് ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയെ തകര്‍ത്തു. ഇതോടെ ബാഴ്‌സയും റയലും തമ്മിലുള്ള പോയിന്റ് വ്യത്യാസം രണ്ടായി കുറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന മത്സരത്തില്‍ ബെയ്‌ലിന്റെ ഹാട്രിക്കിനു പുറമേ ഫ്രഞ്ച് താരം കരിം ബെന്‍സേമയുടെ ഇരട്ടഗോളുകളും റയാലിന് തകര്‍പ്പന്‍ ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അതേസമയം മത്സരത്തിലുടനീളം അവസരങ്ങള്‍ തുലച്ച സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നിരാശപ്പെടുത്തി. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെപ്പോലും വലകുലുക്കാനാകാതെ പോയ പോര്‍ചുഗീസ് നായകന്‍ മത്സരത്തിലെ ദുരന്ത ചിത്രമായി. മത്സരത്തിന്റെ 15ാം മിനിറ്റില്‍ ബെന്‍സേമയുടെ ഗോളിലൂടെയാണ് റയാല്‍ മുന്നിലെത്തിയത്. ആറു മിനിറ്റിനകം ലീഡ് രണ്ടാക്കി ഉയര്‍ത്തിയ ബെയ്ല്‍ ആദ്യ പകുതിക്കു ശേഷം 49, 63 മിനിറ്റുകളിലും സ്‌കോര്‍ ചെയ്ത് ഹാട്രിക് പൂര്‍ത്തിയാക്കി. മത്സരത്തിന്റെ 90ാം മിനിറ്റില്‍ ബെന്‍സേമയിലൂടെ തന്നെ റയാല്‍ പട്ടിക തികയ്ക്കുകയും ചെയ്തു. പരിശീലക വേഷത്തില്‍ ആദ്യമായി റയാലിനൊപ്പം കളത്തിലിറങ്ങിയ സിദാന്‍ ആക്രമണ തന്ത്രമാണ് പയറ്റിയത്. 442 എന്ന ശൈലിയില്‍ ടീമിനെ അണിനിരത്തിയ സിദാന്റെ തന്ത്രങ്ങള്‍ എല്ലാം തന്നെ ഇന്നലെ ഫലം കണ്ടു.