
സ്വന്തം ലേഖകൻ
കോട്ടയം:യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.കൈപ്പുഴ കരിമ്പിൽ പറമ്പിൽ ചാക്കോയുടെ മകൻ കുഞ്ഞുമോൻ കെ.സി (അപ്പോള 43)ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അയൽവാസിയായ കൈപ്പുഴ നരിച്ചിറയിൽ ജോസിനെ(52)പോലീസ് അറസ്റ്റു ചെയ്തു.ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് ജോസിന്റെ വീട്ടിൽ വച്ചാണ് സംഭവം.മദ്യലഹരിയിൽ ഇരുവരും വാക്കേറ്റം ഉണ്ടാവുകയും ജോസ് കുഞ്ഞുമോനെ പിടിച്ച് തള്ളിയിടുകയും ചെയ്തു.തുടർന്ന് കുഞ്ഞുമോൻ എഴുന്നേറ്റ് വരുന്നതിനിടെ ജോസ് പട്ടികയ്ക്ക് തലയ്ക്ക് അതിശക്തിയായി അടിക്കുകയായിരുന്നു.അടിയുടെ ആഘാതത്തിൽ കുഞ്ഞുമോന്റെ തലപൊട്ടി തകർന്നു രക്തംവാർന്നു അതീവ ഗുരുതരാവസ്ഥയിലായി.സംഭവം അറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ജോസിന്റെ വീട്ടിലെത്തിയപ്പോൾ തലപൊട്ടിയൊഴുകി രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞുമോനെയാണ് കണ്ടത്.ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതത്തിലും സർജ്ജറി തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 12ഓടെ മരണപ്പെട്ടു.സംഭവത്തിന് ശേഷം കല്ലറയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയ ജോസിനെ രാത്രി തന്നെ സഹോദരിയുടെ വീട്ടിൽ നിന്നും ഏറ്റുമാനൂർ സി ഐ സി ജയകുമാറിന്റെയും ഗാന്ധിനഗർ എസ് ഐ മനോജിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ഇന്നലെ രാവിലെ ജോസിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുവന്നു.പിന്നീട് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി റിമാനൻഡ് ചെയ്തു.ജോസ് ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്.വിവാഹിതനാണെങ്കിലും പിന്നീട് ബന്ധം വേർപെടുത്തുന്നതിന് കേസ് നടക്കുകയാണ്.കുഞ്ഞുമോന്റെ മൃതദേഹം മെഡിക്കൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംസ്കാരം നാളെ വൈകുന്നേരം മൂന്നിന് കൈപ്പുഴ സെന്റ് ജോർജ് ഫോറോന പള്ളിയിൽ നടക്കും.ഭാര്യ കരിപ്പുത്ത് സ്വദേശി കുഞ്ഞുമോൾ,മക്കൾ:അപ്പു,അച്ചു.