ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ലോക് സഭയില്‍ വാക്കൗട്ട്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫെറന്‍സ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് വാക്കൗട്ട് നടത്തിയത്. ബി.ജെ.പിക്ക് അധികാരത്തുടര്‍ച്ച നല്‍കിയില്ലെങ്കില്‍ യു.പി. കേരളവും കാശ്മീരും ബംഗാളും പോലെയാകാന്‍ അധിക സമയം വേണ്ടി വരില്ലെന്നായിരുന്നു യോഗി ട്വിറ്റര്‍ പേജിലൂടെ നല്കിയ വീഡിയോ സന്ദേശം.
ലോക്സഭ ചേര്‍ന്നയുടന്‍ തന്നെ പ്രതിപക്ഷ എം.പിമാര്‍ ഇരിപ്പടത്തില്‍നിന്ന് എഴുന്നേറ്റു ബഹളം വച്ചു. കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ അിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പട്ടു. ചോദ്യോത്തര വേളയുടെ അവസാനം വിഷയം പരിഗണിക്കാമെന്നു സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. പിന്നാലെ എം.പിമാര്‍ വാക്കൗട്ട് നടത്തി. ടി.എം.സി. എം.പി. സുഗത റോയ് യോഗി ആദിത്യനാഥിനെ ജോഗിയെന്നു പരിഹസിച്ചു.
കഴിഞ്ഞ 31നു തുടങ്ങിയ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ആദ്യമായാണു ചോദ്യോത്തര വേളയില്‍ പ്രതിഷേധം അരങ്ങേറുന്നത്. യോഗിയുടെ പ്രസ്താവനയില്‍ സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നു രാജ്യസഭയില്‍ സി.പി.എം. എം.പി. ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനം ഇന്നലെ അവസാനിച്ചു. മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ എട്ടു വരെ സഭ വീണ്ടും സമ്മേളിക്കും.