
കോഴിക്കോട്: ഒന്നിച്ചുള്ള വിവാഹ ജീവിതം മോഹിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ്ജെന്ററിനെ കൂട്ടുകാരി വഞ്ചിച്ചതായി പരാതി. രണ്ട് മാസം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയമായ കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി ദീപു ആര്‍ ദര്‍ശനാണ് സുഹൃത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.
പിരിയാനാകാത്ത പ്രണയത്തിന്റെ പേരിലാണ് അര്‍ച്ചന രാജ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ദീപു എന്ന പുരുഷനായി മാറിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് അര്‍ച്ചനയും പെണ്‍കുട്ടിയും അടുപ്പത്തിലാകുന്നത്. വിവാഹിതയായ അര്‍ച്ചന ആ ബന്ധം വേര്‍പെടുത്തിയതോടെ അടുപ്പം ദൃഢമായി. ഒരുമിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയും ചെയ്തു.
ഇതിനായി ചെന്നൈയിലെ ആശുപത്രിയില്‍ അര്‍ച്ചന 2 മാസം മുന്‍പു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയാകുകയും ചെയ്തു. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറിയതായും പെണ്‍കുട്ടി കോടതിയില്‍ ഉള്‍പ്പെടെ ബന്ധം നിഷേധിച്ചതായും ദീപു പറഞ്ഞു
ആണായി മാറാനും ശസ്ത്രക്രിയ നടത്താനും പ്രേരിപ്പിച്ച ശേഷം തന്നെ സുഹൃത്ത് വഞ്ചിച്ചുവെന്നാണ് അര്‍ച്ചനാ രാജിന്റെ പരാതി. കോഴിക്കോട്ടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു അര്‍ച്ചനയും സുഹൃത്തും. പരസ്പരം പരിചയപ്പെട്ട ഇവര്‍ പിന്നീട് പ്രണയത്തിലായി. ഒരുമിച്ചു ജീവിയ്ക്കാന്‍ പങ്കാളികളില്‍ ഒരാള്‍ ആണായി മാറാന്‍ തീരുമാനിച്ചു.
സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ശസ്ത്രക്രിയ നടത്തി ആണ്‍ശരീരം സ്വീകരിച്ചതെന്നും അര്‍ച്ചന പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം സുഹൃത്ത് നിര്‍ദേശിച്ച പ്രകാരം ദീപുവെന്ന പേരും സ്വകരിച്ചു, പക്ഷെ അപ്പോഴേക്കും സുഹൃത്തിന്റെ മനസ്സ് മാറി. ഒരുമിച്ചുജീവിയ്ക്കാമെന്ന നിലപാട് അവള്‍ മാറ്റി.
കോടതിയിലും പൊലീസിലും ദീപുവിനെതിരെയാണ് സുഹൃത്ത് മൊഴിനല്‍കിയത്. വാട്സാപ്പ് ചാറ്റും കോള്‍റെക്കോര്‍ഡും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ദീപുവിന്റെ കൈവശമുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തില്‍ ഇനി അര്‍ച്ചനയിലേക്കൊരു മടക്കമില്ല, ദീപുവായി ജീവിക്കും. പക്ഷെ തനിക്ക് പറ്റിയ ചതിയുടെ കഥ ലോകമറിയണമെന്നും ദീപു പറയുന്നു.
പുരുഷനായി മാറുന്നതിനായി മുറിച്ചു കളഞ്ഞ അവയവങ്ങളൊന്നും തനിക്കിനി തിരികെ പിടിപ്പിക്കാന്‍ കഴിയില്ലെന്നും അങ്ങനെ വച്ചു പിടിപ്പിക്കാന്‍ ശ്രമിച്ചാല്‍ തന്നെ അവ യോജിക്കില്ലെന്നും ദീപു പറയുന്നു
ഒക്ടോബര്‍ 24ന് ചൈന്നെയില്‍ വച്ചാണ് ദീപുവിന്റെ ലിംഗമാറ്റശസ്ത്രക്രിയ നടന്നത്. കൗണ്‍സിലിങ്ങും ഹോര്‍മോണ്‍ ടെസ്റ്റും നടത്തി വളരെ പെട്ടെന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയായിരുന്നു. സുഹൃത്ത് നല്‍കിയ പേരും സുഹൃത്തിനായി മാറിയ ശരീരവും ഉപേക്ഷിക്കാന്‍ ദീപു തയ്യാറല്ല. മനസ്സുമാറി അവള്‍ തിരിച്ചുവരുമെന്നാണ് ദീപുവിന്റെ പ്രതീക്ഷ.