
സ്വന്തം ലേഖകൻ
കൊച്ചി : പിറന്നാൾ ദിനത്തിൽ ആരാധകർക്കായി സമ്മാനവുമായി ലാലേട്ടൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ തീയേറ്ററുകൾ അടച്ചതോടെ ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്.
തിയറ്റർ റിലീസ് പ്രതീക്ഷിച്ച ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌തെങ്കിലും നിരവധി പേർക്ക് സിനിമ കാണാൻ സാധിക്കാതെ വന്നു. എന്നാൽ ഈ പരിഭവത്തിന് മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഇന്ന് പരിഹാരമാവുകയാണ്.
ഇന്ന് രാത്രി ഏഴ് മണിക്ക് ദൃശ്യം മലയാളി പ്രേക്ഷകർക്കായി ഏഷ്യാനെറ്റിൽ പ്രീമിയർ ചെയ്യും. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.
തന്റെ കുടുംബത്തിന്റെ സ്വസ്ഥതക്കും സമാധാനത്തിനും വേണ്ടി ഏതറ്റം വരെയും പോകുന്ന കുടുംബ നാഥൻ ആയി , ‘ക്ലാസ്സിക് ക്രിമിനൽ’ ആയി അനായാസ പ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചത്. ചിത്രത്തിനും ജിത്തുജോസഫിന്റെ മെക്കിങ്ങിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടർച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിവർ ദൃശ്യത്തിൽ അഭിനയിച്ചിരുന്നു. രണ്ടാം ഭാഗത്തിൽ മുരളി ഗോപി , സായികുമാർ, ഗണേഷ് കുമാർ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിരുന്നു