
നടൻ ദിലീപ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.വ്യാഴാഴ്ച രാവിലെ ആറോടെ ഉഷ പൂജ കഴിഞ്ഞ് നടതുറന്ന സമയത്തായിരുന്നു ദർശനം. സോപാനത്തിനുമുന്നിൽ ചെറിയ ഓട്ടുരുളിയിൽ നിറച്ച നെയ്യും,കദളികുലയും സമർപ്പിച്ചതിന്ശേഷം ഏറെനേരം പ്രാർഥനയോടെ നിന്നു.ക്ഷേത്രം മേൽശാന്തി കൃഷ്ണൻ നന്പൂതിരിയിൽ നിന്ന് പ്രസാദം സ്വീകരിച്ചു. തുടർന്ന് കദളിപഴം, വെണ്ണ, പഞ്ചസാര എന്നിവകൊണ്ട് തുലാഭാരവും നടത്തി. 75 കിലോ ദ്രവ്യങ്ങളാണ് ഇതിനായി വേണ്ടി വന്നത്. തുലാഭാര തുകയായ 26,655 രൂപ ദേവസ്വത്തിലടച്ചു. ഉപദേവതകളേയും തൊഴുത് ക്ഷേത്രത്തിന് പുറത്ത് കടന്ന് പഴയ ദേവസ്വം ഓഫീസ് വളപ്പിലെ ഗണപതി ക്ഷേത്രത്തിലും തൊഴുതശേഷമാണ് ഗുരുവായൂരിൽ നിന്ന് മടങ്ങിയത്. നിർമ്മാതാവ് പ്രേമനും കൂടെയുണ്ടായിരുന്നു.ദിലീപ് ഇടക്കിടെ ഗുരുവായൂർ ക്ഷേത്രദർശനം നടത്താറുണ്ടെങ്കിലും നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷം ആദ്യമായാണ് ക്ഷേത്രദർശനത്തിനെത്തുന്നത്.