
നടിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യസ്ഥയില്‍ ഇളവു തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്നാണ് പ്രധാന ആവശ്യം. ദുബായില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തന്റെ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് വിദേശത്ത് പോകുന്നതെന്നാണ് വിശദീകരണം. അതേസമയം, കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും കേസിന്റെ അന്വേഷണച്ചുമതലയുള്ള എഡിജിപി ബി സന്ധ്യയ്ക്കും നേരെ ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്. വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് തന്നെ കുടുക്കിയതിനു പിന്നില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സന്ധ്യയുമാണെന്ന് 12 പേജുള്ള കത്തില്‍ ദിലീപ് ആരോപിക്കുന്നു. സ്വന്തം കീര്‍ത്തി മാത്രമാണ് എഡിജിപി സന്ധ്യയുടെ ലക്ഷ്യം. കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയ്‌ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കുക സന്ധ്യയുടെ പതിവ് രീതിയാണ്. തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ സന്ധ്യയും സംഘവുമാണ്. ബെഹ്‌റയുടെ നിസംഗ നിലപാടുകളാണ് താന്‍ കേസില്‍ പ്രതിയാകുന്നതിന് ഇടയാക്കിയതെന്നും ദിലീപ് ആരോപിക്കുന്നു.