കെട്ടിട വാടക താങ്ങാനാവില്ലെന്ന ദുഷ്‌പേര് മാറ്റാന്‍ ദുബായിയി ഒരുങ്ങുന്നു. താഴ്ന്ന വരുമാനക്കാരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങാനാവുന്ന വിധത്തില്‍ കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങളും വീടുകളും ലഭ്യമാക്കാന്‍ ദുബയ് സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷിക്കരിച്ചതോടെയാണിത്. ദുബായിയുടെ തെക്കന്‍ ജില്ലകളിലാണ് ഇത്തരത്തിലുള്ള ലോ കോസ്റ്റ് കെട്ടിടങ്ങള്‍ ഉയരുന്നത്. പുതിയ ഭവന പദ്ധതി പൂര്‍ത്തിയാവുന്നതോടെ നിലവിലുള്ളതിനേക്കാള്‍ കെട്ടിട വാടക ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും ജുമൈറ വില്ലേജ് സര്‍ക്കിള്‍, ദുബയ് സൗത്ത്, അല്‍ ഫുര്‍ജാന്‍, ഇന്റര്‍നാഷനല്‍ സിറ്റി, ദുബയ് സ്‌പോര്‍ട്‌സ് സിറ്റി, സ്റ്റുഡിയോ സിറ്റി, ദുബയ്‌ലാന്റ് ഭാഗങ്ങളിലാണ് പുതുതായി കുറഞ്ഞ വാടകയ്ക്കുള്ള കെട്ടിടങ്ങള്‍ ഉയരുന്നത്. 2012നു ശേഷമാണ് ദുബായിയിലെ താങ്ങാനാവാത്ത വാടക പേടിച്ച് വടക്കന്‍ എമിറേറ്റുകളായ ഷാര്‍ജയിലേക്കും അജ്മാനിലേക്കുമൊക്കെ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ താമസം മാറ്റിയത്. പുതിയ ഹൗസിംഗ് പദ്ധതി നടപ്പാവുന്നതോടെ ഇവരൊക്കെ കൂട്ടത്തോടെ ദുബയിലേക്ക് തിരികെ വരുമെന്നാണ് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രര്‍ത്തിക്കുന്നവരുടെ കണക്കുകൂട്ടല്‍. നിലവില്‍ ദുബയിലെ ജോലി കഴിഞ്ഞ് ഷാര്‍ജയിലേക്കും മറ്റും മണിക്കൂറുകള്‍ നീണ്ട യാത്രകഴിഞ്ഞാണ് പ്രവാസികളായ ജീവനക്കാരിലേറെയും താമസ സ്ഥലങ്ങളിലെത്തുന്നത്. അപ്പോഴേക്കും രാത്രി ഏറെ വൈകിയിരിക്കും. രാവിലെ എഴുന്നേറ്റയുടന്‍ തിരികെ ജോലി സ്ഥലത്തേക്ക് പുറപ്പെടുകയും വേണം. ഇതുമൂലം കുടുംബമായി താമസിക്കുന്നവര്‍ക്ക് ഒഴിവുദിവസങ്ങളില്‍ മാത്രമാണ് അവരെ ശരിക്കൊന്ന് കാണാന്‍ പോലും പറ്റുകയുള്ളൂ എന്ന സ്ഥിതിയാണിന്ന് നിലവിലുള്ളത്. സര്‍ക്കാരിന്റെ സഹായത്തോടെ വരുന്ന ഭവന നിര്‍മാണ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരും. തൊഴിലിടങ്ങള്‍ക്ക് സമീപത്ത് തന്നെ അവര്‍ക്ക് മിതമായ നിരക്കില്‍ താമസ സൗകര്യം ലഭിക്കും. താമസ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള ദീര്‍ഘ യാത്ര ഒഴിവാക്കാനാവുന്നതോടെ ഒരു പാട് സമയം ലാഭിക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല, ക്ഷീണവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാനും സാധിക്കും. വാനഹങ്ങള്‍ക്കാവശ്യമായ എണ്ണയും മെയിന്റെനന്‍സ് ചാര്‍ജും കുറയുകയും ചെയ്യും. ഷാര്‍ജ, അജ്മാന്‍ റോഡുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കും. ദുബയില്‍ കുറഞ്ഞ വാടകയ്ക്ക് ഫ്‌ളാറ്റുകള്‍ ലഭ്യമാവുന്നതോടെ അജ്മാനിലും ഷാര്‍ജയിലും വാടക കുത്തനെ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ തന്നെ അതിന്റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പതിവിനു വിപരീതമായി പലരും മാസവാടകയ്ക്ക് കെട്ടിടങ്ങള്‍ നല്‍കാന്‍ തുടങ്ങി. താമസക്കാരെ നിലനിര്‍ത്താന്‍ ഏതാനും മാസം സൗജന്യതാമസം അനുവദിക്കുന്ന കെട്ടിട ഉടകളുമുണ്ടെന്ന് ഇവര്‍ പറയുന്നു.
പുതുതായി നിര്‍മിക്കുന്ന പാര്‍പ്പിട പ്രദേശങ്ങളിലേക്ക് ദുബൈ മെട്രോ സൗകര്യം ഏര്‍പ്പെടുത്താനും ഭരണകൂടത്തിന് പദ്ധതിയുണ്ട്. ഇതോടെ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലി കഴിഞ്ഞ് ഇവിടേക്കുള്ള യാത്രയും എളുപ്പമാവും. 3,000-10,000 ദിര്‍ഹം ശമ്പള പരിധിയിലുള്ളവരെ മുന്നില്‍ക്കണ്ട് ദുബയ് മുനിസിപ്പാലിറ്റി 2015ലുണ്ടാക്കിയ പുതിയ പാര്‍പ്പിട പദ്ധതി പ്രകാരം മുഹൈസിന-4, അല്‍ഖൂസ്-3,4 എന്നിവിടങ്ങളിലായി 100 ഹെക്ടര്‍ സ്ഥലമാണ് പാര്‍പ്പിട സമുച്ഛയങ്ങള്‍ക്കായി കണ്ടെത്തിയിരിക്കുന്നത്. 50,000ത്തിലേറെ പേര്‍ക്ക് ഇവിടെ താമസമൊരുക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. കെട്ടിടമുടമകള്‍ പാര്‍പ്പിട സമുച്ഛയങ്ങളുടെ 15 മുതല്‍ 20 വരെ ശതമാനം ഭാഗം താഴ്ന്ന വരുമാനക്കാരായ ആളുകള്‍ക്കായി മാറ്റിവയ്ക്കണമെന്ന പുതിയ തീരുമാനവും ദുബയ് മുനിസിപ്പാലിറ്റി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ദുബായിയില്‍ വീട് വാടക കുറയുന്നു; ഷാര്‍ജയിലേക്കും അജ്മാനിലേക്കും താമസം മാറിയവര്‍ തിരികെയെത്തും
Tags: dubai house rent