
ഷാര്‍ജ : യാത്രക്കിടയില്‍ പോക്കറ്റടികള്‍ ഉള്‍പ്പെടെയുള്ള മോഷണങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്. പേഴ്‌സ് പുറകിലെ പോക്കറ്റില്‍ സൂക്ഷിക്കരുതെന്നാണ് പ്രധാന നിര്‍ദേശം. പേഴ്‌സ് നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും പുറകിലെ പോക്കറ്റില്‍ സൂക്ഷിച്ചവരാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. എടിഎമ്മില്‍ നിന്ന് പണമെടുക്കുമ്പോള്‍ അന്യര്‍ വീക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. കൂടാതെ നിങ്ങളുടെ കാറിന് കേടുപാടുകളുണ്ടെന്നും ശരിയാക്കിത്തരാമെന്നും പറഞ്ഞ് അടുത്തുകൂടുന്നവരെ വിശ്വസിക്കരുതെന്നും പൊലീസ് പറയുന്നു. ചിലര്‍ നിങ്ങളുടെ വസ്ത്രത്തിലേക്ക് തുപ്പുകയോ ചീറ്റുകയോ ഒക്കെ ചെയ്യും. അത്തരക്കാരോട് ശ്രദ്ധ പാലിച്ചുവേണം ഇടപെടാന്‍. നിങ്ങളുടെ ശ്രദ്ധ തെറ്റിച്ച് മോഷണം നടത്താനുള്ള ചില സംഘങ്ങളുടെ ബോധപൂര്‍വമായ പ്രവൃത്തിയാകാം അതെന്നും പൊലീസ് പറയുന്നു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം മുസബയാണ് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്. ‘മോഷണത്തിന് ഇരയാക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കുക’ എന്ന പേരില്‍ വകുപ്പ് നടത്തിവരുന്ന ക്യാംപയിനിന്റെ ഭാഗമായാണ് ഈ മാര്‍ഗ നിര്‍ദേശങ്ങള്‍. ഏതൊക്കെ തരത്തില്‍ നിങ്ങള്‍ കൊള്ളയടിക്കപ്പെട്ടേക്കാമെന്ന് വിവരിക്കുന്ന വിവിധ ഭാഷകളിലുള്ള നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്യുന്നുമുണ്ട്. എടിഎം,ബാങ്കുകള്‍ തുടങ്ങിയവയുടെ പരിസരങ്ങളില്‍ ഏതെങ്കിലും തരത്തിമലുള്ള ദുരൂഹ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനായി 999, 901, 065943210 എന്നീ നമ്പറുകള്‍ ഉപയോഗിക്കാമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.