
സി.ഐ.ഡി ചമഞ്ഞ് തൊഴിലാളികളെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോവുകയും പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ടു പേരെ ദുബായ് കോടതി തടവിനും പിഴയ്ക്കും ശിക്ഷിച്ചു. ഒരു യു എ ഇ സ്വദേശിയും ഒരു ഇറാനിയന്‍ പൗരനുമാണ് ശിക്ഷിക്കപ്പെട്ടത്. കാറിലെത്തിയ സംഘം സി.ഐ.ഡിയാണെന്ന് പറഞ്ഞ് തൊഴിലാളികളില്‍ നിന്ന് പണം തട്ടിയെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കാറിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലിസ് ഇതിനായി വലവിരിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം കാര്‍ കണ്ടെത്തിയ പോലിസ് നിര്‍ത്താനാവശ്യപ്പെട്ടെങ്കിലും വേഗത കൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കാറിനെ പിന്തുടര്‍ന്ന പോലിസ് വാനഹത്തെ ഇടിച്ച് പോലിസുകാരെ അപായപ്പെടുത്താനും ഇവര്‍ ശ്രമിച്ചു. അവസാനം റോഡ് സൈഡില്‍ ഇടിച്ചുനിന്ന കാറില്‍ നിന്ന് യു.എ.ഇ പൗരന്‍ ഇറങ്ങിയോടുകയായിരുന്നു. കാറിലുണ്ടായിരുന്ന 44 കാരനായ ഇറാന്‍ പൗരനെ സ്ഥലത്തുവച്ചും അയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വദേശിയെ പിന്നീടും പിടികൂടി. ഇമാറാത്തിയെ രണ്ട് വര്‍ഷം തടവിനും ഇറാന്‍കാരനെ ഒരു വര്‍ഷത്തെ തടവിനും അതിനു ശേഷം നാടുകടത്താനുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും 5000 ദിര്‍ഹം വീതം പിഴയും വിധിച്ചിട്ടുണ്ട്. അനധികൃതമായി മദ്യം കൈവശം വച്ചു, പോലിസിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു, മോഷണം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് പോലിസ് വാഹനത്തിന് 6900 ദിര്‍ഹമിന്റെ നഷ്ടം ഉണ്ടായതായും കോടതി വ്യക്തമാക്കി.