ജിഷ്ണുവിന്റെ മരണം:കോളേജിന്റെ വാദം പൊളിയുന്നു.ജിഷ്​ണു കോപ്പിയടിച്ചതായി പരാതി ലഭിച്ചില്ലെന്ന്​ പരീക്ഷ കണ്‍ട്രോളര്‍

തിരുവിലാമല: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുടെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതിനെ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഷാബു മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശപ്രകാരം തെളിവെടുപ്പിനായി നെഹ്‌റു കോളേജില്‍ എത്തിയപ്പോള്‍ ആണ് പരീക്ഷ കണ്‍ട്രോളര്‍ ഡോ.എസ്.ഷാബു ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ജിപി പത്മകുമാറിനൊപ്പമാണ് പരീക്ഷ കണ്‍ട്രോളര്‍ കോളേജില്‍ തെളിവെടുപ്പിനായി എത്തിയത്.

പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ചാല്‍ പരീക്ഷയുടെ അന്നേദിവസം തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സര്‍വകലാശാല നിയമം. എന്നാല്‍ കോളജ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോപ്പിയടിച്ച വിദ്യാര്‍ഥികളെ കുറിച്ച് കോളജ് റിപ്പോര്‍ട്ട് ചെയ്തുവെന്നും അന്വേഷണത്തിനായി പാമ്പാടി കോളജില്‍ എത്തിയ ഡോ.ഷാബു പറഞ്ഞു. അതേസമയം, കോളജിനെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികള്‍ അക്കാദമിക്ക് അഫിലിയേഷന്‍ പരിശോധിക്കുന്ന സമയം അന്വേഷിക്കുമെന്നും പരീക്ഷ കണ്‍ട്രോളര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജിഷ്ണുവിനെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ച ജിഷ്ണുവിന് അധ്യാപകര്‍ പിടികൂടുകയും ഈ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ വാദിച്ചിരുന്നത്.

എന്നാല്‍ ക്ലാസ്സ് റൂമില്‍ വച്ച് ജിഷ്ണുവിനെ അധ്യാപകര്‍ അപമാനിച്ചെന്നും ജിഷ്ണുവിന്റെ മൃതദേഹത്തില്‍ കണ്ട മുറിപാടുകള്‍ മര്‍ദ്ദമേറ്റതിന്റെ ലക്ഷണമാണെന്നുമാണ് ജിഷ്ണുവിന്റെ കുടുംബവും സഹപാഠികളും ആരോപിക്കുന്നത് .സംഭവവുമായി ബന്ധപ്പെട്ട് കോളജിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

Latest
Widgets Magazine