കാമുകിയെ ബലാല്‍സംഗം ചെയ്ത് നഗ്നയായി ഇറക്കിവിട്ട യുവാവിന് മൂന്ന് വര്‍ഷം തടവ്

കാമുകിയെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്ത ശേഷം ഉടുതുണിയില്ലാതെ പുറത്തേക്ക് ഇറക്കിവിട്ട യുഎഇ യുവാവിനെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ജനുവരി 21നായിരുന്നു കേസിനാസ്പദമായ സംഭവം. ഉസ്‌ബെകിസ്താന്‍ സ്വദേശിയായ യുവതിയെയാണ് 39കാരനായ സ്വദേശി യുവാവ് ബലാല്‍സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിട്ടത്. പോരാത്തതിന് യുവതിയുടെ വസ്ത്രങ്ങള്‍ 11ാം നിലയിലെ ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് എറിയുകയും ചെയ്തു. തൊട്ടടുത്ത ഫ്‌ളാറ്റിലെ റഷ്യന്‍ സ്ത്രീയുടെ വസ്ത്രങ്ങള്‍ വാങ്ങി ധരിച്ചാണ് യുവതി കെട്ടിടത്തിന്റെ താഴേനിലയിലേക്ക് പോയി വസ്ത്രവും മൊബൈലും മറ്റും എടുത്തത്. തുടര്‍ന്ന് യുവതി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അല്‍ നഹ്ദയിലെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു സംഭവം. മുറിയില്‍ പോലിസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. പിന്നീട് ആറ് ദിവസം കഴിഞ്ഞാണ് ഒരു ബാച്ചിലര്‍ റൂമിന്റെ മുകളില്‍ നിന്ന് ഇയാളെ പിടികൂടുന്നത്. വിസയുമായി ബന്ധപ്പെട്ട് കേസിലകപ്പെട്ട തന്നെ യുവാവായിരുന്നു ജാമ്യത്തിലിറക്കിയതെന്ന് തൊഴില്‍രഹിതയായ യുവതി പോലിസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് അന്നേദിവസം ഉച്ചയോടെ തന്നെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചത്. ആ സമയത്ത് മദ്യലഹരിയായിരുന്നു യുവാവ്. തന്നെ ബലംപ്രയോഗിച്ച് കിടപ്പറയിലേക്ക് കൊണ്ടുപോയ ശേഷം രണ്ട് മണിക്കൂറോളം ബലാല്‍സംഗം ചെയ്തു. ശേഷം തന്നെ ശാരീരികമായി ആക്രമിക്കുകയും മുടിക്കുത്തിന് പിടിച്ച് നഗ്നയായി മുറിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. തനിക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് റഷ്യന്‍ ഭാഷയില്‍ ഇയാള്‍ പറഞ്ഞുകൊണ്ടാണ് തന്നെ റൂമില്‍ നിന്ന് പുറത്തേക്കിട്ടതെന്നും യുവതി കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ഒരു വര്‍ഷമായി തനിക്ക് സ്ത്രീയെ പരിചയമുണ്ടെന്നും അവര്‍ ഇടയ്ക്കിടയ്ക്ക് ഫ്‌ളാറ്റില്‍ വന്ന് താനുമായി സ്വന്തം ഇഷ്ടപ്രകാരം സെക്‌സില്‍ ഏര്‍പ്പെടാറുണ്ടെന്നും യുവാവ് പറഞ്ഞു. സംഭവമുണ്ടായ ദിവസം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് തെറ്റിയതിനെ തുടര്‍ന്ന് ദേഷ്യം നിയന്ത്രിക്കാനാവാതെയാണ് താന്‍ യുവതിയെ മുറിയില്‍ നിന്ന് പുറത്താക്കിയതെന്നും യുവാവ് പറഞ്ഞു. സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ സെക്‌സ് നടന്നതായി വ്യക്തമാവുകയും ശരീരത്തില്‍ മുറിവിന്റെ പാടുകള്‍ ഉള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു.

Top