വൃദ്ധസദനത്തിൽ പോകാൻ വിസമ്മതിച്ചു; യുവാവ് അമ്മയെ അടിച്ചു കൊന്നു

ക്രൈം ഡെസ്‌ക്

ഡൽഹി: മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുടെ എണ്ണം നാൾക്കുനാൾ രാജ്യത്ത് വർധിച്ചു വരികയാണ്. ഇതിനിടെയാണ് വൃദ്ധസദനത്തിൽ പോകാൻ വിസമ്മതിച്ച അമ്മയെ മകൻ അടിച്ചു കൊന്നു എന്ന വാർത്ത പുറത്തു വരുന്നത്. ഡൽഹിയിലെ സാഗർപൂരിലാണ് 76 വയസ്സുള്ള മാതാവ് മകന്റെ അടിയേറ്റുമരിച്ചത്. ഇഷ്ടിക കൊണ്ട് തലക്കടിച്ച ശേഷം പ്ലാസ്റ്റിക് കയറുപയോഗിച്ച് കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊല നടത്തിയ ശേഷം മണിക്കൂറുകളോളം മൃതദേഹത്തിനടുത്തിരുന്ന ശേഷം ഇയാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തൊഴിൽരഹിതനായ തനിക്ക് മാതാവിനെ സംരക്ഷിക്കാനാകില്ലാത്തതിനാൽ വൃദ്ധസദനത്തിൽ പോകാൻ ഇയാൾ കുറച്ചുനാളുകളായി ആവശ്യപ്പെട്ടു വരികയായിരുന്നത്രേ. സംഭവവുമായി ബന്ധപ്പെട്ട് ലക്ഷ്മണൻ കുമാറിനെ (48) പൊലീസ് അറസ്റ്റു ചെയ്തു. താൻ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ലക്ഷ്മൺ പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇക്കാര്യം സത്യമാണോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ ജീവിതച്ചെലവ് കൂടി വഹിക്കാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു താനെന്ന് ലക്ഷ്മൺ പറഞ്ഞതായി പൊലീസ് അറിയിച്ചു. ”വീട് വിട്ടുപോകാൻ ലക്ഷ്മൺ പലതവണ ആവശ്യപ്പെട്ടെങ്കിലും അമ്മ അത് ചെവിക്കൊണ്ടില്ല. തനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന് പറഞ്ഞപ്പോൾ വൃദ്ധസദനത്തിൽ പോകാൻ ഇയാൾ അമ്മയോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെയാണ് ഇയാൾ അമ്മയെ കൊലപ്പെടുത്തിയത്” -പൊലീസ് പറയുന്നു. രണ്ടു വർഷം മുമ്പ് ഇയാളെ ഭാര്യ ഉപേക്ഷിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top