തിരുവനന്തപുരം: പ്രളയം ഒഴിഞ്ഞ് വീടുകളില്‍ നിന്ന് വെള്ളമിറങ്ങി പത്ത് ദിവസമായിട്ടും സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല. കഷ്ടപ്പാടില്‍ ദുരന്ത ബാധിതര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായമായ പതിനായിരം രൂപ പോലും മിക്കയിടങ്ങളിലും കിട്ടിയിട്ടില്ല. 30 ശതമാനം ആളുകള്‍ക്കെങ്കിലും ഇന്നുതന്നെ പണമെത്തിക്കാനാണ് ശ്രമം. എന്നാല്‍ പലയിടത്തും വിവര ശേഖരണം പോലും പൂര്‍ത്തിയായിട്ടില്ല. ബാങ്ക് അക്കൗണ്ട് വഴിയാണ് പതിനായിരം രൂപ നല്‍കുന്നത്. വീടുകളിലെത്തി അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും ശേഖരിച്ച് പരിശോധിച്ച ശേഷമേ പണം നല്‍കൂ. ഇതുണ്ടാക്കുന്ന കാലതാമസമാണ് സഹായ വിതരണം വൈകാനുള്ള കാരണം.
ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും പ്രളയം കൊണ്ടുപോയ ആയിരങ്ങളാണ് സര്‍ക്കാരിന്റെ സഹായത്തിനായി ഇപ്പോഴും കൈനീട്ടി നില്‍ക്കുന്നത്. പ്രളയം എല്ലാം തകര്‍ത്ത വീട്ടിലേക്ക് പാത്രങ്ങളോ ഉടുക്കാന്‍ വസ്ത്രങ്ങളോ വാങ്ങണമെങ്കില്‍ വരെ പണമില്ലാത്ത അവസ്ഥ. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങുമ്പോള്‍ പണം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം അറിയിച്ചത്, എന്നാല്‍ അത് നടപ്പായില്ല.
14 ജില്ലാകളക്ടര്‍മാര്‍ക്കായി 242.7 കോടി രൂപയാണ് സഹായ വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇവ താലൂക്ക് തലത്തിലാണ് വിതരണം ചെയ്യേണ്ടത്. എറണാകുളം ജില്ലയില്‍ കുറച്ച് പേര്‍ക്കും തൃശൂരില്‍ 6000പേര്‍ക്കും കോട്ടയത്ത് 7300 പേര്‍ക്കും ഇടുക്കിയില്‍ 616 പേര്‍ക്കും മാത്രമാണ് വെള്ളിയാഴ്ച വരെ സഹായം നല്‍കാനായത്.