തിരുവനന്തപുരം: കേരളം വീണ്ടും പനിപ്പേടിയിൽ. പ്രളയദുരന്തത്തിൽ നിന്നും ഇനിയും കരകേറാത്ത കേരളത്തെ ഇപ്പോൾ പിടികൂടിയത് എലിപ്പണിയാണ്. സംസ്ഥാനത്താകെ കഴിഞ്ഞ ദിവസം 40 ലേറെ പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
എലിപ്പനി ബാധിച്ച് ഇന്നലെ മാത്രം എട്ട് പേര്‍ മരിച്ചു.. ഏറ്റവുമധികം മരണം സംഭവിച്ചത് കോഴിക്കോട് ജില്ലയിലാണ്. മൂന്ന് പേരാണ് കോഴിക്കോട് എലിപ്പനി ബാധിച്ച് മരണപ്പെട്ടത്. രണ്ടു ദിവസത്തിനകം 20 പേരാണ് മരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും എലിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്. സംസ്ഥാനത്ത് 92 പേരാണ് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 28 പേര്‍ കോഴിക്കോട് സ്വദേശികളാണ്.
എല്ലാ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലില്‍ ഏതെങ്കിലും രീതിയിലുള്ള ചെറിയ മുറിവെങ്കിലും ഉണ്ടെങ്കില്‍ അതിന് ആന്റിസെപ്റ്റിക് ലോഷനുകള്‍ ഉപയോഗിക്കണമെന്ന പ്രത്യേക നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. അതോടൊപ്പം കൈയുറകളും കാലുറകളും നിര്‍ബന്ധമായും ഈ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നവര്‍ ധരിക്കണം.
പ്രതിരോധ ഗുളികള്‍ എല്ലാ ആശുപത്രികളിലും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രതിരോധ ഗുളികള്‍ കഴിച്ചിട്ടുള്ളവരാണെങ്കിലും ഈ ആഴ്ചയും തുടര്‍ന്ന് കഴിക്കണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരു എലിപ്പനി കോര്‍ണര്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രമായി 16 സ്ഥലങ്ങളിലായി ഒരു നഴ്‌സും ഡോക്ടറുമടങ്ങുന്ന പ്രത്യേക താല്‍ക്കാലിക ആശുപത്രികള്‍ ഉടന്‍ തുടങ്ങുന്നതായിരിക്കും. നാളെ വൈകുന്നേരത്തോടെ ഇത് പൂര്‍ണമായും സജ്ജമായി പ്രവര്‍ത്തനമാരംഭിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡെങ്കിപ്പനിക്കായി തുടങ്ങിയ പ്രത്യേക വാര്‍ഡ് എലിപ്പനിക്കായി ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.