പ്രളയത്തില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച ജിനീഷ് യാത്രയായി; ജീവനെടുത്തത് ബൈക്ക് അപകടം

തിരുവനന്തപുരം: പ്രതീക്ഷിക്കാതെ കേരളത്തെ പ്രളയം വലച്ചപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ ജിനീഷിനെ മരണം കവര്‍ന്നു. സ്വന്തം ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളി പൂന്തുറ സ്വദേശിയായ ജിനീഷ് ജെറോണ്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പൂവാര്‍ ഉച്ചക്കട ഭാഗത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജിനീഷ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.

സുഹൃത്തിനൊപ്പം തമിഴ്നാട് ഭാഗത്തേക്ക് പോവുകയായിരുന്ന ജിനീഷും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ജിനീഷിന്റെ അരയ്ക്ക് താഴെക്കൂടെ എതിരെ വന്ന ലോറിയുടെ ചക്രം കയറി ഇറങ്ങി. ഉടന്‍ തന്നെ നാട്ടുകാര്‍ ജിനീഷിനെ ആശുപത്രിയില്‍ എത്തിച്ചു.

കോസ്റ്റല്‍ വാറിയേഴ്സ് എന്ന സംഘടനയുടെ അംഗമായ ജിനേഷ് പ്രളയ സമയത്ത് ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ പങ്കെടുത്തിരുന്നു. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Top