പിണറായിയുടേതു തരംതാണ രാഷ്ട്രീയകളിയെന്ന് വിമർശിച്ച് കേന്ദ്രമന്ത്രി.700 കോടിക്ക് രേഖയുണ്ടോ?

ന്യൂഡൽഹി:കേരളത്തിന് കൈത്താങ്ങായി യു.എ.ഇ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ 700 കോടി രൂപ നല്‍കുമെന്ന വിവാദം കൊഴുക്കുന്നു . യുഎഇ ഫണ്ട് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ശക്തമായ വിമർശനവുമായി രംഗത്ത് വന്നു . യുഎഇ പ്രഖ്യാപിക്കാത്ത 700 കോടി രൂപയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്. കേരളത്തിനു വേണ്ട എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കും. എന്നാല്‍ കേന്ദ്ര, സംസ്ഥാന ഏറ്റുമുട്ടലിലേക്കു കേരളം കാര്യങ്ങള്‍ കൊണ്ടുപോവുകയാണെന്നും ബാബുസൽ സുപ്രിയോ പറഞ്ഞു.

ജനങ്ങള്‍ വലിയ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യച്ചൂരിയടക്കം സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളും അനാവശ്യ വിവാദങ്ങളുണ്ടാക്കുകയും തരംതാണ രാഷ്ട്രീയം കളിക്കുകയുമാണെന്ന് ബാബുൽ സുപ്രിയോ കുറ്റപ്പെടുത്തുന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കി യുഎഇയെക്കൂടി വിഷമവൃത്തത്തിലാക്കി. 700 കോടി രൂപ പ്രഖ്യാപിച്ചതിനു മുഖ്യമന്ത്രിയുടെ കയ്യില്‍ എന്ത് ഒൗദ്യോഗിക രേഖയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

പ്രളയക്കെടുതിയുണ്ടായ ഉടന്‍ തന്നെ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇനിയും കേരളത്തിനു വേണ്ട സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.യുഎഇ സഹായം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നാണg പ്രതീക്ഷയെന്നg കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയോടാണു സഹായത്തെപ്പറ്റി സംസാരിച്ചത്. ഇരുനേതാക്കളുമാണ് ഇക്കാര്യം ലോകത്തെ അറിയിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം പ്രളയത്തിന്റെ കെടുതിയില്‍ പെട്ടുപോയ കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള തീവ്രമായ പ്രവര്‍ത്തനങ്ങളിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്‌ എന്ന് പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു . രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്ക്‌ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യമാണുള്ളത്‌. പുനര്‍നിര്‍മ്മാണ പ്രക്രിയയെക്കുറിച്ചുള്ള ആലോചനകളും അതിന്റെ ഭാഗമായി കാഴ്‌ചപ്പാടുകളും രൂപീകരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ വലിയ തോതിലുള്ള സഹകരണം വ്യത്യസ്‌ത തലങ്ങളിലൂടെ ലഭിക്കേണ്ടതുണ്ട്‌.

നാം ഒന്നുചേര്‍ന്ന്‌ നില്‍ക്കുമ്പോള്‍ ഏത്‌ ദുരന്തങ്ങളേയും മറികടക്കാനാകും. ഓരോ കേരളീയനും നാടിന്‌ വന്നുചേര്‍ന്ന ഈ വിപത്ത്‌ മറികടക്കാന്‍ താന്‍ എന്തു ചെയ്‌തു എന്ന്‌ ആലോചിക്കുന്ന സ്ഥിതി ഉണ്ടാകണം. അത്തരത്തില്‍ പുനരധിവാസ പ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോകണം.

അങ്ങനെ സന്നദ്ധരായി വരുന്നവരെ ശരിയായ രീതിയില്‍ വിന്യസിക്കുന്നതിനുള്ള കാഴ്‌ചപ്പാട്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വികസിപ്പിക്കാനുമാകണം. അത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളേയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോകാനാവുകയും ഉദാരമതികളുടെ സഹായങ്ങള്‍ ലഭ്യമാവുകയും ചെയ്‌താല്‍ നമുക്ക്‌ ഈ പ്രശ്‌നങ്ങളെ മറികടക്കാനാകും എന്നത്‌ ഉറപ്പാണ്‌.

Top