തിരുവനന്തപുരം: സിപിഎമ്മിനെ ഏറെ പ്രതിരോധത്തിൽ ആക്കിയ കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കുടുംബം മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടതിന് പിന്നാലെയാണ് നീക്കം. വിഞ്ജാപനം ഉടൻ പുറത്തിറക്കും. കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി കേസിൽ തുടർ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. ഇതേ തുടർന്നാണ് പുതിയ സർക്കാർ നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഴകുളം മധു എംഎൽഎയും നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരുന്നു.
നവീൻ ബാബുവിൻ്റെ മരണത്തിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 നേരത്തെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലായിരുന്നു ഉത്തരവ്. കഴിഞ്ഞ ദിവസം തുടർ അന്വേഷണ റിപ്പോർട്ട് കോടതി പരിഗണിച്ചിരുന്നു. കുടുംബം ആവശ്യപ്പെട്ട ജനുവരി മുതലുള്ള സിഡിആറിൻ്റെ വിവരം റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. മാർച്ച് മുതൽ നവംബർ വരെയുള്ള സിഡിആർ വിവരങ്ങളാണ് ഹാജരാക്കിയിരുന്നത്. ജനുവരി മുതലുള്ള സിഡിആർ വിവരങ്ങൾ നൽകണമെന്ന് നിർദ്ദേശിച്ച് കേസ് ജൂൺ ഒന്നിലേയ്ക്ക് മാറ്റിയിരിക്കുകയായിരുന്നു. കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്.
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ മൊഴിയും പുതിയ പരാതികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിലെ ഏകപ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി. ദിവ്യ ഔദ്യോഗിക ഫോണിൽ നിന്ന് ജില്ലാ കളക്ടറുമായി നടത്തിയ ആശയവിനിമയം ഉൾപ്പെടെയുള്ള വിവരങ്ങളും തുടർ അന്വേഷണത്തിൽ പരിശോധിച്ചു. കോടതി നിർദ്ദേശിച്ച നാലു പ്രധാന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയാണ് റിപ്പോർട്ട്.
രേഖാമൂലമുള്ള വിശദീകരണങ്ങളും അനുബന്ധ രേഖകളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതി കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടത്. ദിവ്യയുടെ ഔദ്യോഗിക ഫോൺ രേഖകൾ, ടി.വി.പ്രശാന്തന്റെ സ്വർണപ്പണയ ഇടപാടിന്റെ രേഖകൾ, സി.സി ടിവി ദൃശ്യങ്ങളുടെ പൂർണരൂപം, വിജിലൻസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിലാണ് കോടതി വ്യക്തത തേടിയത്. റിപ്പോർട്ട് ഔദ്യോഗികമായി പരിഗണിക്കുന്നതോടെ വിചാരണ നടപടികളിലേക്ക് കടക്കും.









