ആക്രമണങ്ങള്‍ തുടര്‍ന്ന് ഇറാനും അമേരിക്കയും; എണ്ണ കപ്പല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു; എട്ടുപേര്‍ക്ക് പരിക്ക്; ഇറാന്റെ അക്രമണത്തെ അപലപിച്ച് യു.എ.ഇ

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍ വെല്ലുവിളിയും ആക്രമണവും തുടര്‍ന്നതോടെ പശ്ചിമേഷ്യ ഏത് നിമിഷവും വന്‍ യുദ്ധത്തിലേക്ക് തിരിയുമെന്ന് ഭീതിയിലാണ് ലോകം. ഇറാന് കൂടുതല്‍ ആയുധങ്ങളുമായി റഷ്യയും പരസ്യ പിന്തുണ നല്‍കിയതോടെ കൈവിട്ട കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അമേരിക്കയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചുകൊണ്ടാണ് ഇറാന്‍ മറുപടി നല്‍കുന്നത്.

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ എണ്ണക്കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് വാണിജ്യ എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്റെ ആക്രമണുണ്ടായത്. കൊല്ലപ്പെട്ടത് ഇന്ത്യന്‍ പൗരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ എട്ടുപേരില്‍ ആറുപേര്‍ ഇന്ത്യക്കാരും രണ്ടുപേര്‍ ഉക്രൈന്‍ സ്വദേശികളുമാണ്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് യു.എ.ഇ. പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

അന്താരാഷ്ട്ര നിയമങ്ങളുടെ പച്ചയായ ലംഘനവും മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതുമായ ഇറാന്റെ അപക്വമായ നീക്കത്തെ യു.എ.ഇ. ശക്തമായ ഭാഷയില്‍ അപലപിച്ചു. വാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ഭീകരാക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് തിരിച്ചടി നല്‍കുമെന്നും യു.എ.ഇ. വ്യക്തമാക്കി.

കപ്പല്‍ ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാന് മേല്‍ കടുത്ത സൈനിക-സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ തുറമുഖങ്ങള്‍ പൂര്‍ണ്ണമായി ഉപരോധിക്കുമെന്നും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകപ്പലുകള്‍ക്കും 20 ശതമാനം തുക സര്‍ചാര്‍ജായി (ഫീസ്) ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ഇനിമുതല്‍ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ സംരക്ഷണവും നിയന്ത്രണവും അമേരിക്ക ഏറ്റെടുക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ‘ദി ഗാര്‍ഡിയന്‍ ഓഫ് ദി ഹോര്‍മുസ് സ്ട്രെയിറ്റ്’ എന്നായിരിക്കും ഇനി ഈ മേഖലയില്‍ അമേരിക്ക അറിയപ്പെടുക. സുരക്ഷ ഒരുക്കുന്നതിന് പകരമായാണ് 20 ശതമാനം തുക ഈടാക്കുന്നതെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ശക്തമായ ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. ഹോര്‍മുസ് കടലിടുക്കിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ എന്നും ഇറാന്‍ മാത്രമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു. കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കുന്ന സേവനത്തിന് തുക ഈടാക്കുന്നതില്‍ തെറ്റില്ലെങ്കിലും അമേരിക്ക പ്രഖ്യാപിച്ച 20 ശതമാനം അമിതവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടലിടുക്കില്‍ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന യാതൊരുവിധ ഇടപെടലുകളും അനുവദിക്കില്ലെന്ന് ഇറാന്റെ ഖാതം അല്‍ അന്‍ബിയ സൈനിക കേന്ദ്ര വക്താവ് ഇബ്രാഹിം സോള്‍ഫാഖാരി മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ അമേരിക്ക നടത്തുന്ന സാഹസികത യുദ്ധത്തിന് വഴിവെക്കുമെന്നും ഇതിന്റെ പ്രത്യാഘാതം പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ആകമാനം വിഴുങ്ങുമെന്നും ഇറാന്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് നിര്‍ബന്ധിത ഫീസ് ഈടാക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് പൂര്‍ണ്ണമായും വിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഭാഗമായ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐ.എം.ഒ.) വ്യക്തമാക്കി. കപ്പലുകളില്‍ നിന്ന് ഇത്തരത്തില്‍ നികുതിയോ ഫീസോ ഈടാക്കാന്‍ ആര്‍ക്കും നിയമപരമായ അവകാശമില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, തുടര്‍ച്ചയായ മൂന്നാം രാത്രിയിലും ഇറാന്റെ ആക്രമണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്കന്‍ സേന കനത്ത വ്യോമാക്രമണം നടത്തി. ഇറാന്റെ ആക്രമണ ശേഷിയും സൈനിക താവളങ്ങളും പൂര്‍ണ്ണമായും തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ നീക്കത്തിന് മറുപടിയായി കുവൈറ്റിലെ യു.എസ്. സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാനും പ്രത്യാക്രമണം നടത്തിയിട്ടുണ്ട്.

ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ കാല്‍ഭാഗത്തോളം കടന്നുപോകുന്ന വഴിയായ ഹോര്‍മുസ് കടലിടുക്ക് അടയുന്നതോടെ ആഗോള തലത്തില്‍ വന്‍ എണ്ണപ്രതിസന്ധിയാണ് രൂപപ്പെടുന്നത്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയുണ്ടായ പുതിയ സംഘര്‍ഷങ്ങള്‍ പശ്ചിമേഷ്യയെ വന്‍ യുദ്ധത്തിലേക്ക് തള്ളിയിടുമോ എന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങള്‍.

 

Top