തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷനെയും മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതിലുള്ള അനിശ്ചിതത്വം നീളുന്നതോടെ കോണ്‍ഗ്രസിലും യു.ഡി.എഫിലും പ്രതിസന്ധി രൂക്ഷമാകുന്നു. സംഘടനയില്‍ അടിയന്തരമായി നാഥനുണ്ടാകണമെന്ന ആവശ്യത്തില്‍ യു.ഡി.എഫ് മുന്നണിയിലെ മറ്റ് ഘടകകക്ഷികളും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ വൈകുന്നതാണ് യു.ഡി.എഫ് യോഗങ്ങള്‍ ചേരുന്നതിന് പ്രധാന തടസ്സമായി നില്‍ക്കുന്നത്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശപര്യടനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതോടെയാണ് കെ.പി.സി.സി. പ്രസിഡന്റ് ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നത്. മൂന്നാഴ്ചയായി വിദേശപര്യടനത്തിലായിരുന്ന രാഹുലിന്റെ സമയം ലഭിച്ചാലേ എ.ഐ.സി.സി. തലത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സാധിക്കൂ എന്ന നിലപാടിലായിരുന്നു പാര്‍ട്ടി നേതൃത്വം. രാഹുലുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ മനസ്സാകും നിര്‍ണ്ണായകം.
കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പേരാണ് ശക്തമായി ഉയര്‍ന്നുകേള്‍ക്കുന്നത്. എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ മനസ്സ് ഒരു ദളിത് നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിന് അനുകൂലമാണെന്ന റിപ്പോര്‍ട്ടുകള്‍ കൊടിക്കുന്നിലിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. മുതിര്‍ന്ന നേതാവെന്ന നിലയിലും സംഘടനാ പരിചയസമ്പത്തുള്ള വ്യക്തിയെന്ന നിലയിലും അദ്ദേഹത്തിന് മുന്‍ഗണന ലഭിച്ചേക്കാം. പക്ഷേ കെസിയുടെ മനസ് അനുകൂലമായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടും. ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, ബെന്നി ബെഹന്നാന്‍, ആന്റോ ജോസറഫ് എന്നിവരും കെപിസിസി അധ്യക്ഷ പദവി ആഗ്രഹിക്കുന്നുണ്ട്. ജോസഫ് വാഴയ്ക്കാനായി രമേശ് ചെന്നിത്തലയും കരുക്കള്‍ നീക്കുന്നു.
നിലവില്‍ മന്ത്രി സണ്ണി ജോസഫാണ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്. മഴക്കാലം എത്തിയതോടെ വൈദ്യുതി വകുപ്പ് മന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക തിരക്കുകള്‍ കാരണം സംഘടനാ കാര്യങ്ങളില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതിനാല്‍ സണ്ണി ജോസഫിന്റെ പിന്‍ഗാമിയായി പുതിയൊരു അധ്യക്ഷന്‍ അടിയന്തരമായി ചുമതലയേല്‍ക്കേണ്ടതുണ്ട്.
സംഘടനയില്‍ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരുണ്ടായിരുന്നെങ്കിലും ഭരണത്തിലേക്ക് കടന്നതോടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. വര്‍ക്കിങ് പ്രസിഡന്റുമാരില്‍ എ.പി. അനിലിനും പി.സി. വിഷ്ണുനാഥിനും മന്ത്രിസ്ഥാനം ലഭിച്ചതോടെ അവര്‍ സംഘടനാ ചുമതലകളില്‍ നിന്ന് വിടുതല്‍ വാങ്ങിക്കഴിഞ്ഞു. മൂന്നാമത്തെ വര്‍ക്കിങ് പ്രസിഡന്റായ ഷാഫി പറമ്പില്‍ എം.പി. ആവശ്യഘട്ടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ തലസ്ഥാനത്ത് എത്തുന്നത്.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്ന എം. ലിജു മന്ത്രിയായതോടെ പാര്‍ട്ടി ഓഫീസിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ആളില്ലാത്ത അവസ്ഥയാണുള്ളത്. മുന്‍നിര നേതാക്കളെല്ലാം മന്ത്രിസഭയിലേക്കും ഭരണകാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചതോടെ പാര്‍ട്ടി ആസ്ഥാനം നാഥനില്ലാ കളരിയായി മാറിയെന്ന വിമര്‍ശനം അണികള്‍ക്കിടയിലും ശക്തമാണ്.
തങ്ങള്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് പരസ്യമായ അഭിപ്രായവ്യത്യാസങ്ങളിലേക്ക് കടക്കാതെ പാര്‍ട്ടി തല്‍ക്കാലം മുന്നോട്ടുപോകുന്നത്. എന്നാല്‍ വിഴിഞ്ഞം ഓഹരി വില്‍പ്പന, പുതിയ മദ്യനയം, പി.എം. ശ്രീ പദ്ധതി തുടങ്ങിയ വിഷങ്ങളില്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ചകളും വ്യക്തമായ ധാരണകളും ഉണ്ടാകണമെന്ന് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അധ്യക്ഷനില്ലാതെ യു.ഡി.എഫ് യോഗം വിളിച്ചുചേര്‍ക്കാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹി മോഡല്‍ നിരീക്ഷകരുടെ പരിശോധനയിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ പ്രക്രിയയും വൈകുകയാണ് ചെയ്തത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങളുടെ വിഭജനവുമെല്ലാം ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതുണ്ട്.
യു.ഡി.എഫിലെ പ്രശ്നങ്ങളും ഭരണപരമായ ഏകോപനമില്ലായ്മയും പരിഹരിക്കാന്‍ ഉടന്‍ തന്നെ അധ്യക്ഷനെ പ്രഖ്യാപിക്കണമെന്നാണ് ഘടകകക്ഷികളുടെയും താഴെത്തട്ടിലെ പ്രവര്‍ത്തകരുടെയും ആവശ്യം. പുതിയ കെ.പി.സി.സി. അധ്യക്ഷന്‍ വരുന്നതോടെ യു.ഡി.എഫ് യോഗങ്ങള്‍ പുനരാരംഭിക്കാമെന്നും മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാമെന്നുമാണ് കണക്കുകൂട്ടല്‍.










