ശരീരമാസകലം മുറിവുകളുമായി ഭര്‍തൃമതിയായ യുവതി മരിച്ചനിലയില്‍; വീട്ടിലുണ്ടായിരുന്ന ആണ്‍സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: അടൂരില്‍ യുവതിയെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അടൂര്‍ കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ താമസിക്കുന്ന ഷെഹന (31) ആണ് മരിച്ചത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന ഷെഹന ഒരു കുട്ടിയുടെ അമ്മയാണ്.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. വീടിനുള്ളിലെ സ്റ്റെയറിന്റെ കൈപ്പിടിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു ഷെഹനയെ കണ്ടെത്തിയത്. എന്നാല്‍ മൃതദേഹത്തിന്റെ മുറിവുകളുണ്ടായിരുന്നുവെന്നും രക്തം വാര്‍ന്ന നിലയിലായിരുന്നുവെന്നുമാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇരുവരും തമ്മില്‍ എന്താണ് സംഭവിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

വീട്ടില്‍ നിന്ന് അസ്വാഭാവികമായ ബഹളവും ശബ്ദവും കേട്ടതിനെ തുടര്‍ന്ന് സമീപവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ഷെഹനയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ഷെഹനയുടെ ശരീരത്തിലെ മുറിവുകള്‍ മരണത്തിന് മുമ്പുള്ളതാണോ, മരണശേഷം ഉണ്ടായതാണോ എന്നതടക്കം ഫോറന്‍സിക് പരിശോധനയിലൂടെ വ്യക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. വീട്ടില്‍ നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച പൊലീസ് മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കുന്നുണ്ട്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത അടൂര്‍ പൊലീസ് എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാഫലവും നിര്‍ണായകമാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്

 

Top