പിസി തോമസ് വിഭാഗവും പിസി ജോര്‍ജിന്റെ ജനപക്ഷവും യുഡിഎഫിലേക്ക് ? ജോസ് കെ മാണിക്ക് പകരം മൂന്ന് ചെറുകക്ഷികളെ കൂടെ കൂട്ടാൻ യുഡിഎഫ്!..

കോട്ടയം: ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതിന് പകരമായി ചെറുകക്ഷികളുമായി കൂടാൻ കോണ്‍ഗ്രസ് ഒരുങ്ങുന്നു . വെള്ളാഴ്ച യുഡിഎഫ് നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. കാര്യമായ എതിര്‍പ്പ് ഒരു നേതാക്കളും ഉന്നയിച്ചില്ല. കൂടുതല്‍ കക്ഷികള്‍ മുന്നണിയിലെത്തുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന് യുഡിഎഫ് വിലയിരുത്തി. മൂന്ന് കക്ഷികളാണ് യുഡിഎഫിലെത്തുക എന്നാണ് വിവരം. കൂടാതെ ചില ധാരണകള്‍ക്കും ശ്രമം നടക്കുന്നു.

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം വേറിട്ട ചില നീക്കങ്ങള്‍ നടത്തുന്നത്. കൂടുതല്‍ ചെറുകക്ഷികളെ മുന്നണിയിലെത്തിക്കാനാണ് ആലോചന. ഈ കക്ഷികള്‍ യുഡിഎഫില്‍ അംഗമാകുന്നത് സംബന്ധിച്ച് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരുടെ വരവ് മധ്യകേരളത്തില്‍ മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗമാണ് യുഡിഎഫിലെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഒരു കക്ഷി. ഇവര്‍ നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണ്. എന്‍ഡിഎയില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് പിസി തോമസിന്റെ നിലപാട്. തുടര്‍ന്നാണ് മുന്നണി മാറുന്ന കാര്യം ആലോചിക്കുന്നത്.എന്‍ഡിഎയില്‍ നിന്ന് അവഗണന നേരിടുന്നു എന്ന് പിസി തോമസ് പറയുന്നു. അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് പിസി തോമസ് വിഭാഗത്തിന്റെ അഭിപ്രായം. പല ബോര്‍ഡ്, കോര്‍പറേഷന്‍ ഭാരവാഹിത്വം നല്‍കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. തുടര്‍ന്നാണ് ഇനിയും എന്‍ഡിഎയില്‍ നില്‍ക്കേണ്ട എന്ന് തീരുമാനിച്ചത്.

യുഡിഎഫിന്റെ ഭാഗമാകാന്‍ കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജും ശ്രമം തുടങ്ങി. നിലവില്‍ ഒരു മുന്നണിയുടെയും ഭാഗമല്ല പിസി ജോര്‍ജ്. തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ ചേരാന്‍ പിസി ജോര്‍ജ് ആഗ്രഹിക്കുന്നു. ഇക്കാര്യം യുഡിഎഫ് നേതാക്കളെ അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ചത്തെ യോഗം വിഷയം ചര്‍ച്ച ചെയ്തു.

അതേസമയം, പാലാ മണ്ഡലത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫില്‍ ഉടക്കി നില്‍ക്കുകയാണ് മാണി സി കാപ്പന്‍. പാലാ മണ്ഡലം ജോസ് കെ മാണിക്ക് നല്‍കിയാല്‍ അദ്ദേഹം എല്‍ഡിഎഫ് വിടാന്‍ സാധ്യതയേറെയാണ്. മാണി സി കാപ്പനും യുഡിഎഫ് നേതാക്കളുമായി സംസാരിച്ചു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ എന്‍സിപിയിലെ ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പിസി ജോര്‍ജ്, പിസി തോമസ്, മാണി സി കാപ്പന്‍ എന്നിവരെ കൂടെ നിര്‍ത്തിയാല്‍ മധ്യ കേരളത്തില്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ പൊതുവികാരം. അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കി മലബാറില്‍ ശക്തി വര്‍ധിപ്പിക്കാമെന്നും യുഡിഎഫ് കരുതുന്നു. ഇതോടെ വന്‍ ഒരുക്കമാണ് യുഡിഎഫ് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് എന്ന് വ്യക്തം.

Top