ബിജു രമേശ് സർക്കാറുമായി ഒത്തുകളിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം

തിരുവനന്തപുരം: ബാർ ഉടമ ബിജു രമേശ് സർക്കാറുമായി ഒത്തുകളിക്കുന്നുവെന്ന് കേരളാ കോൺഗ്രസ് എം. നിയമ വിരുദ്ധമായി ബിജു രമേശ് പണിത കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസ് റവന്യൂ വകുപ്പ് അട്ടിമറിക്കുന്നുവെന്നാണ് മാണി വിഭാഗത്തിന്‍റെ ആരോപണം. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശേരി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഒന്നരമാസമായി ഫയൽ റവന്യൂ വകുപ്പ് പിടിച്ച് വെച്ചിരിക്കുകയാണെന്നും  ബിജു രമേശിന് െെഹകോടതി അനുവദിച്ച സ്റ്റേക്കെതിരെ അപ്പീൽ നൽകണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ബിജുവിനെതിരായ കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ- ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടക്കുന്നതായി കേരളാ കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നുണ്ട്.ആഗസ്റ്റ് 22നാണ്, കിഴക്കേക്കോട്ടയിലെ രാജധാനി ബില്‍ഡിംഗ്സ് പൊളിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്. തെക്കനംകര കനാല്‍ കൈയേറി നിര്‍മിച്ചതാണെന്നും 2005ലെ ദുരന്തനിവാരണനിയമം അനുസരിച്ച് പൊളിച്ചുമാറ്റണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍, ഇതിനെതിരെ ബിജു രമേശ് ഹൈക്കോടതിയ സമീപിച്ച് സ്റ്റേ വാങ്ങി. ഈ സ്റ്റേയ്ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള കാലാവധി അവസാനിക്കാറായിട്ടും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് കേരളാ കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. അപ്പീല്‍ കാലാവധി കഴിയുന്നതുവരെ ഫയല്‍ മുക്കാന്‍ റവന്യു വകുപ്പ് ശ്രമിക്കുന്നു എന്നും കേരളാ കോണ്‍ഗ്രസ്ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചു സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയ ബിജു രമേശിനെ മന്ത്രിസഭയിലെ ചിലര്‍ സഹായിക്കുന്നുവെന്നു എക്സൈസ് മന്ത്രി കെ. ബാബുവും നേരത്തെ മുഖ്യമന്ത്രിയോടു പരാതിപ്പെട്ടിരുന്നു. അതേ വികാരമാണ് കേരളാ കോണ്‍ഗ്രസും ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. അപ്പീല്‍ നല്‍കുന്നതിന് മുന്നോടിയായി എ.ഡി.എമ്മിനോടു ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിനു കൈമാറുകയും ചെയ്തു. എന്നാല്‍, അപ്പീല്‍ നല്‍കാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ ഫയല്‍ റവന്യു വകുപ്പിലേക്ക് അയയ്ക്കുകയായിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും റവന്യു വകുപ്പ് വിശദാംശങ്ങള്‍ നല്‍കിയില്ല. ഇതോടെയാണ് അപ്പീല്‍ നല്‍കുന്നത് വൈകിയത്.

തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കിഴക്കേക്കോട്ടയിലെ ബിജു രമേശിന്‍റെ ഉടമസ്ഥതയിലുള്ള രാജധാനി ബിൽഡിങ് അനധികൃതമായി നിർമിച്ചതാണെന്നു കണ്ടെത്തിയത്. തുടർന്നു കെട്ടിടത്തിന്‍റെ ഒരുഭാഗം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടു. ഇതിനെതിരെ ബിജു രമേശ് ഹൈകോടതിയെ സമീപിച്ചു. ദുരന്തനിവാരണ നിയമം ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത എന്താണെന്ന് സർക്കാർ വിശദീകരിക്കണമെന്ന ചൂണ്ടിക്കാട്ടി കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.

Top