വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദം; അന്വേഷണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു

തിരുവനന്തപുരം: വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദം പുനരന്വേഷിക്കാനുള്ള പുതിയ നീക്കം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു.രാഷ്ട്രീയ ഗൂഢാലോചനക്കേസില്‍ ഉന്നത നേതാക്കള്‍ വരെ പ്രതിക്കൂട്ടിലാകാനുള്ള സാധ്യതകളാണ് ഈ കേസിലുള്ളത്.

ഭരണമാറ്റത്തിന് പിന്നാലെ ആഭ്യന്തര രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയതോടെയാണ് പഴയ കേസുകള്‍ സി.പി.എമ്മിനെതിരെ വീണ്ടും സജീവമാകുന്നത്. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വീഴ്ചകളില്‍ സി.പി.എം. പ്രാദേശിക നേതൃത്വം വലിയ തോതില്‍ പ്രതിക്കൂട്ടിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ രാഷ്ട്രീയവത്കരണവും ഭരണപരമായ പാകപ്പിഴകളും പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്തുനിന്നും വടകരയില്‍നിന്നും അടുത്ത തിരിച്ചടികള്‍ ഉയരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് കേന്ദ്ര ഏജന്‍സിയായ ഇ.ഡി.യുടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അന്വേഷണം സി.പി.എം. നേതാക്കളിലേക്ക് നീളുന്നതാണ് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ഘടകം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ അതിക്രമത്തിന് പിന്നില്‍ കേവലമൊരു പ്രാദേശിക പ്രതിഷേധമല്ല, മറിച്ച് ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. തലസ്ഥാനത്തെ പ്രമുഖ സി.പി.എം. നേതാക്കള്‍ അടക്കമുള്ളവര്‍ ഈ ഗൂഢാലോചനാക്കേസില്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടല്‍ നടത്തുന്നു എന്ന പ്രതിരോധം പാര്‍ട്ടി ഉയര്‍ത്തുന്നുണ്ടെങ്കിലും, ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ കായികമായ അക്രമം നിയമപരമായി സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കും. വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെ പ്രമുഖരെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ഉള്ള നീക്കങ്ങള്‍ ഉണ്ടായാല്‍ അത് സര്‍ക്കാരിനും വലിയ രാഷ്ട്രീയ ആഘാതമായി മാറും. ഈ രണ്ട് പ്രതിസന്ധികള്‍ക്കുമിടയിലാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച വടകര ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് കേസ് സി.പി.എമ്മിന്റെ ഉറക്കം കെടുത്താനായി വീണ്ടും സജീവമാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയെ വിഭജന രാഷ്ട്രീയത്തിലേക്ക് തള്ളിവിട്ട വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിതിക്ക് പിന്നില്‍ കോഴിക്കോട്ടെയും കണ്ണൂരിലെയും പ്രമുഖ സി.പി.എം. നേതാക്കളാണെന്നാണ് യു.ഡി.എഫ്. ആരോപിക്കുന്നത്. പുതിയ അന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിച്ചതോടെ കുറ്റവാളികള്‍ ആരാണെന്ന ചോദ്യം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി മാറിക്കഴിഞ്ഞു.

മാത്രമല്ല, കുറ്റ്യാടി മേഖലയിലെ ഒരു മുന്‍ ജനപ്രതിനിധിയുടെ കുടുംബത്തിന് ഈ വ്യാജ സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചതിലും പ്രചരിപ്പിച്ചതിലും കൃത്യമായ പങ്കുണ്ടെന്ന സംശയമാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ഇപ്പോള്‍ ശക്തമായി ഉയരുന്നത്. ഈ കുടുംബത്തിന്റെ സൈബര്‍ ഇടപെടലുകളെക്കുറിച്ചും അക്കാലയളവിലെ ആശയവിനിമയങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം നടന്നാല്‍ സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ നേതൃത്വത്തിലെ പല പ്രമുഖരും പ്രതിക്കൂട്ടിലാകുമെന്നാണ് സൂചന. സി.പി.എം. നേതാവും മുന്‍ എം.എല്‍.എ.യുമായ കെ.കെ. ലതിക അടക്കമുള്ള പ്രമുഖര്‍ ഈ വ്യാജ സ്‌ക്രീന്‍ഷോട്ട് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു എന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇത് വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും രാഷ്ട്രീയ നേട്ടത്തിനായി പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് ലതിക അടക്കമുള്ള സൈബര്‍ ഇടപടെലുകാര്‍ പുതിയ അന്വേഷണത്തില്‍ മറുപടി പറയേണ്ടി വരും. ഗ്രൂപ്പുകളുടെ അഡ്മിന്മാരും ഇത് ഷെയര്‍ ചെയ്ത സാരഥികളും പോലീസിന്റെ റഡാറിലാണ്.

‘വ്യാജരേഖ ചമയ്ക്കലും ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതുമായ ഗുരുതരമായ കുറ്റകൃത്യമാണ് വടകരയില്‍ നടന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് പഴയ പോലീസ് അട്ടിമറിച്ച അന്വേഷണം പുതിയ പ്രത്യേക സംഘം കൃത്യമായി പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.’- യു.ഡി.എഫ്. പ്രാദേശിക നേതൃത്വം പറയുന്നത് ഇങ്ങനെയാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന കെ.കെ. ശൈലജയ്ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിലാണ് സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍.ഡി.എഫ്. കമ്മിറ്റി നല്‍കിയ പരാതിയില്‍ കാസിമിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തിന് പങ്കില്ലെന്ന് ഹൈക്കോടതിയില്‍ പോലീസ് തന്നെ സമ്മതിക്കേണ്ടി വന്നിരുന്നു. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കാണിച്ച് പഴയ പോലീസ് സംഘം കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ പുതിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലോടെ പൊളിഞ്ഞിരിക്കുന്നത്.

കോഴിക്കോട് റൂറല്‍ എസ്.പി.യുടെ നേതൃത്വത്തില്‍ രൂപീകരിച്ച എട്ടംഗ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തിലൂടെയാകും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുക. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണമെന്നതിനാല്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സി.പി.എം. സൈബര്‍ സഖാക്കള്‍ക്ക് ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണ്ണായകമാണ്. ആലപ്പുഴയിലെ വീഴ്ചകളും തിരുവനന്തപുരത്തെ ഇ.ഡി. കേസിലെ ഗൂഢാലോചനയും വടകരയിലെ പുതിയ അന്വേഷണവും ഒത്തുചേരുമ്പോള്‍ വലിയൊരു രാഷ്ട്രീയ പ്രതിരോധമാണ് സി.പി.എം. നേരിടുന്നത്. പാര്‍ട്ടിയുടെ സൈബര്‍ വിഭാഗം തന്നെ ക്രിമിനല്‍ ഗൂഢാലോചനകളുടെ കേന്ദ്രമായി മാറിയെന്ന പ്രതിപക്ഷ പ്രചാരണത്തിന് ‘കാഫിര്‍’ കേസ് പുതിയ ആക്കം കൂട്ടും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ പുതിയ എസ്.ഐ.ടി. പുറത്തുവിട്ടാല്‍ സി.പി.എമ്മിന് അത് വന്‍ തിരിച്ചടിയാകും.

വരും ദിവസങ്ങളില്‍ ഈ മൂന്ന് കേസുകളിലും ഉണ്ടാകുന്ന തുടര്‍നടപടികള്‍ കേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതാകും. നിയമം നിയമത്തിന്റെ വഴിക്കാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും, രാഷ്ട്രീയ പകപോക്കലാണെന്ന പതിവ് പ്രതിരോധം കൊണ്ട് മാത്രം ഈ ത്രികോണ പ്രതിസന്ധിയെ മറികടക്കാന്‍ സി.പി.എമ്മിന് എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

Top