നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം വേണ്ട; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ വിട്ടുവീഴ്ച്ചയില്ല; ഇടതുമുന്നണിയില്‍ സിപിഎം സിപിഐ പോര്

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മും സി.പി.ഐ.യും തമ്മില്‍ പോര് ശക്തം. ഇടതുമുന്നണിയില്‍ വിളളലുണ്ടാക്കുന്നതരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സി.പി.ഐ.യെ ഒഴിവാക്കി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സി.പി.എം. നിലപാടില്‍ മാറ്റമില്ലാതെ തുടരുമ്പോള്‍, മുന്നണിയില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുന്ന അവസ്ഥയിലാണ് സി.പി.എം. മറ്റ് പദവികള്‍ നല്‍കി അനുനയിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം തള്ളിക്കളഞ്ഞ സി.പി.ഐ., തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നത് എല്‍.ഡി.എഫില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സി.പി.ഐ.ക്ക് നല്‍കി തര്‍ക്കം പരിഹരിക്കാന്‍ ചില സി.പി.എം. നേതാക്കള്‍ അണിയറനീക്കം നടത്തിയിരുന്നു. എല്‍.ഡി.എഫ്. പ്രതിപക്ഷത്താകുമ്പോള്‍ സി.പി.എം. കൈവശം വെക്കാറുള്ള ഈ പദവി നല്‍കിയാലും സി.പി.ഐ. വഴങ്ങില്ലെന്ന് ഉറപ്പായതോടെ ഈ ആലോചനയും വഴിമുട്ടി. ഉപനേതാവ് പദവിയിലല്ലാതെ മറ്റൊരു പദവിയിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ തന്നെ പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിജയന്റെ ഏകപക്ഷീയമായ നിയന്ത്രണമാണെന്ന രൂക്ഷവിമര്‍ശനമാണ് സി.പി.ഐ. ഘടകങ്ങളില്‍ ഉയര്‍ന്നത്. മുന്നണിയും സര്‍ക്കാരും ഒറ്റവ്യക്തിയിലേക്ക് ചുരുങ്ങിയതാണ് തിരിച്ചടിയായതെന്ന വിലയിരുത്തലില്‍, പ്രതിപക്ഷ ഉപനേതാവ് പദവിയിലൂടെ സി.പി.എമ്മിന്റെ ആധിപത്യത്തിന് തടയിടുകയാണ് സി.പി.ഐ. ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് അംഗീകരിച്ചു നല്‍കിയാല്‍ പാര്‍ട്ടിയില്‍ പിണറായി വിരുദ്ധ ചേരിക്ക് അത് വലിയ ഊര്‍ജ്ജമാകുമെന്ന ഭയത്തിലാണ് സി.പി.എം. നേതൃത്വം.

മറുഭാഗത്ത്, സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി പദവിയില്‍ നിന്നും പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് പദവിയില്‍ നിന്നും മാറണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. ഈ ഘട്ടത്തില്‍ ഉപനേതാവ് പദവി സി.പി.ഐ.ക്ക് നല്‍കിയാല്‍ കെ.എന്‍. ബാലഗോപാലിന് ആ സ്ഥാനം നഷ്ടമാകും. സഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടാന്‍ ബാലഗോപാല്‍ വേണമെന്ന നിലപാടിലാണ് സി.പി.എമ്മിലെ ഒരു വിഭാഗം.

തര്‍ക്കം രൂക്ഷമായതോടെ ഇരുപാര്‍ട്ടികളുടെയും മുഖപത്രങ്ങള്‍ വഴി പരസ്യമായ പ്രത്യയശാസ്ത്ര യുദ്ധവും ആരംഭിച്ചിട്ടുണ്ട്. അച്യുതമേനോന്‍ സര്‍ക്കാരിനെ ‘ചിന്ത’ വാരികയിലൂടെ സി.പി.എം. തള്ളപ്പറഞ്ഞപ്പോള്‍, ചരിത്ര വസ്തുതകള്‍ നിരത്തി ‘നവയുഗ’ത്തിലൂടെ സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ശക്തമായ മറുപടിയാണ് നല്‍കിയത്. ഭൂപരിഷ്‌കരണവും ലക്ഷംവീട് പദ്ധതിയും നടപ്പാക്കിയ അച്യുതമേനോന്‍ സര്‍ക്കാരാണോ അതോ ഇടത് ഭരണത്തില്‍ മാവോവാദികളെ വെടിവെച്ചുകൊന്നതാണോ യഥാര്‍ത്ഥ ഇടതുപക്ഷമെന്ന ചോദ്യം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെ യഥാര്‍ത്ഥ നയങ്ങള്‍ എന്താണെന്ന് സി.പി.എമ്മിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് സി.പി.ഐ.യുടെ പ്രതികരണങ്ങള്‍. മുന്‍കാലങ്ങളില്‍ അടിയന്തരാവസ്ഥയെ പിന്തുണച്ചതില്‍ ആത്മവിമര്‍ശനം നടത്താന്‍ സി.പി.ഐ. തയ്യാറായതുപോലെ, സ്വന്തം തെറ്റുകള്‍ തിരുത്താന്‍ സി.പി.എം. തയ്യാറാകുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ.യെ പൂര്‍ണ്ണമായും അവഗണിച്ച് മുന്നോട്ടുപോകുന്നത് മുന്നണിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.

പാര്‍ട്ടി കേന്ദ്ര എക്സിക്യുട്ടീവ് യോഗത്തിലും കേരളത്തിലെ വിഷയം സജീവമായി ഉയര്‍ന്നുവരുമെന്നാണ് സൂചന. ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങള്‍ മുന്നണിയിലെ തിരുത്തല്‍ ശക്തിയായി തുടരുമെന്ന് ഡി. രാജ വ്യക്തമാക്കിയത് സി.പി.എമ്മിനുള്ള ശക്തമായ താക്കീതാണ്. തങ്ങളുടെ ന്യായമായ ആവശ്യം അംഗീകരിക്കപ്പെടാതെ പിന്നോട്ടില്ലെന്ന സി.പി.ഐ. നിലപാട് സി.പി.എമ്മിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു.

സി.പി.ഐ. ഈ വിഷയത്തില്‍ ഉറച്ചുനില്‍ക്കുകയും വഴങ്ങാതിരിക്കുകയും ചെയ്താല്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ശിഥിലീകരണത്തിലേക്ക് നീങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുന്നണിയില്‍ ഘടകകക്ഷികളുടെ വിശ്വാസം നഷ്ടപ്പെടുന്നതോടെ സി.പി.എം. പൂര്‍ണ്ണമായും ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ്. സഭയിലും പുറത്തും ശക്തമായ ആക്രമണം അഴിച്ചുവിടുമ്പോള്‍, മുന്നണിക്കുള്ളിലെ ഈ ഭിന്നത ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോഴും ഐക്യത്തോടെ നീങ്ങാന്‍ കഴിയാത്തത് അണികളിലും വലിയ നിരാശ പടര്‍ത്തുന്നുണ്ട്.

വരും ദിവസങ്ങളില്‍ സി.പി.എം. വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ മുന്നണിയുടെ ഭാവി തന്നെ അപകടത്തിലാകുന്ന രീതിയിലേക്ക് തര്‍ക്കം വളരും. സി.പി.ഐ. ഉയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ സി.പി.എം. നേതൃത്വം ഒറ്റപ്പെടുന്ന കാഴ്ചയ്ക്കാണ് കേരള രാഷ്ട്രീയം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

 

Top