ചരിത്രമറിയാത്ത വ്യാജ മാര്‍ക്‌സിസ്റ്റാണ് സ്വരാജ്; കഴുതയാണെന്ന് ജനയുഗം ലേഖനം

image

കൊച്ചി: സിപിഎം നേതാവും എംഎല്‍എയുമായ എം.സ്വരാജിനെ രൂക്ഷമായി വിമര്‍ശിച്ച് ജനയുഗം ലേഖനം. സ്വരാജ് കമ്യൂണിസ്റ്റ് കഴുതയാണെന്ന് ലേഖനം വിമര്‍ശിക്കുന്നു. വ്യാജ മാര്‍കിസ്റ്റും ചരിത്രം ഒന്നുപോലും അറിയാത്തയാളാണെന്നും പറയുന്നു.

ഇത്തരം കള്ളനാണയങ്ങളെ മാര്‍ക്‌സിസ്റ്റ് നേതൃത്വം തിരിച്ചറിയണം. വി.എസ്.അച്യുതാനന്ദനെ പുറത്താക്കണമെന്നാവശ്യപ്പെട്ട കപ്പലണ്ടി കമ്യൂണിസ്റ്റാണു സ്വരാജെന്നും ലേഖനത്തില്‍ പറയുന്നു. സിപിഐ പതാകയെ പീറത്തുണിയെന്ന് പരിഹസിച്ചതിനുള്ള മറുപടിയായിട്ടാണ് ‘വാതില്‍പ്പഴുതിലൂടെ’ എന്ന പംക്തിയിലെ ലേഖനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ഇക്കഴിഞ്ഞ ദിവസം ഒരു വിദ്വാന്‍ പറയുന്നതു കേട്ടു, സിപിഐയുടെ രക്തപതാക തനിക്കു വെറുമൊരു പീറത്തുണിയാണെന്ന്! പട്‌നയിലെ കുട്ടികള്‍ കമ്യൂണിസം തങ്ങളുടെ ജീവിതസിദ്ധാന്തമാക്കിയപ്പോള്‍ ഇയാള്‍ക്കു സിപിഐയും കമ്യൂണിസവും അജ്ഞാതം. നല്ല കുടുംബത്തില്‍ അസുരവിത്തും പിറക്കുമല്ലോ എന്നു സമാധാനിക്കാനൊക്കുമോ? തന്റെ കമ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്തു ഗ്വാഗ്വാ വിളിക്കുമ്പോള്‍ ‘കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നു ഗര്‍ദ്ദഭം’ എന്നു പറഞ്ഞാല്‍ കഴുത അഭിമാനിക്കും. തലയില്‍ ആളുതാമസമില്ലാത്ത ഒരാളെ കൂട്ടിനുകിട്ടിയല്ലോ എന്ന്.

സിപിഐ നേതാവ് പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി കേരളം ഭരിച്ചതിനുശേഷമുള്ള ചരിത്രം പോലുമറിയാത്ത കമ്യൂണിസ്റ്റ് ഗര്‍ദ്ദഭത്തിന് ഈ നാല്‍പതാം പക്കത്തും ബുദ്ധിമുളച്ചില്ലെങ്കില്‍ ആ തലയില്‍ തക്കാളി കൃഷി നടത്തുന്നതാവും നല്ലത്. സിപിഎം രൂപീകരിച്ചിരിക്കുന്നവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി.എസ്.അച്യുതാനന്ദന്‍. ആ അച്യുതാനന്ദന്റെ തലവെട്ടി ഉത്തരകൊറിയന്‍ മോഡല്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ട കപ്പലണ്ടി കമ്യൂണിസ്റ്റാണ് സിപിഐയുടെ കൊടിയെ പീറത്തുണിയെന്നു വിശേഷിപ്പിക്കുന്നത്.

മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി ആ മഹത്തായ സന്ദേശത്തിനു ശോഭകേടുണ്ടാക്കുന്ന ഈ കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടതു ബന്ധപ്പെട്ട നേതൃത്വമാണന്നേ പറയാനുള്ളൂ. കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചാരസന്തതികളെയും ജാരസന്തതികളെയും കണ്ടെത്തി തൂത്തെറിഞ്ഞില്ലെങ്കില്‍ അതൊരു മഹാദുരന്തമാകും.

Top