എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോട്ടയം : എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചെന്നും ഇത്തരം സംഭവങ്ങള്‍ ഗുരുതരമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്.എന്‍.ഡി.പി ചങ്ങനാശ്ശേരി യൂണിയനാണ് തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം ചങ്ങനാശ്ശേരി യൂണിയന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ശ്രീനാരായണഗുരുവിനെ സിപിഎം അധിക്ഷേപിച്ചെന്നും, അതിനുള്ള ശിക്ഷയായി സിപിഐ എമ്മിനെതിരായി വോട്ട് രേഖപെടുത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപെടുത്തണമെന്നും എസ്എന്‍ഡിപിപയോഗം സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നുമായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. നോട്ടീസ് മുനിസിപ്പല്‍ ആക്ട് 145 പ്രകാരവും കേരള പഞ്ചായത്തീ രാജ് ആക്്ട് 121, 126(ബി) എന്നീ വകുപ്പ് പ്രകാരവും തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നോട്ടിസ് ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നത്. മേലില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് നിഷ്‌കര്‍ഷിച്ച കമ്മീഷന്‍ യൂണിയന് താക്കീതും നല്‍കി. എസ്എന്‍ഡിപി യോഗം പുറത്തിറക്കിയ നോട്ടീസ് ചട്ടവിരുദ്ധമാണെന്ന് കാട്ടി എ.വി റസ്സല്‍ നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. എസ്എന്‍ഡിപി യൂണിയന്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് പുറത്തിറക്കിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിച്ചത്.

Top