സ്വാമി ശാശ്വതികാനന്ദയെ വെള്ളത്തില്‍ ചവിട്ടിത്താഴ്‌ത്തുകയായിരുന്നു-ദ്യക്‌സാക്ഷി.കേസന്വേഷണം നിര്‍ണായക വഴിത്തിരിവില്‍

തിരുവനന്തപുരം :സ്വാമി ശാശ്വതികാനന്ദയെ വെള്ളത്തില്‍ ചവിട്ടി താഴ്​ത്തുകയായിരുന്നു എന്ന് ദൃക്സാക്ഷിയുള്ളതായി പോലീസ് . സ്വാമിയുടെ മരണത്തിനു ദൃക്‌സാക്ഷിയെന്നുകരുതുന്ന ഈ യുവാവിനെക്കുറിച്ചു ക്രൈംബ്രാഞ്ച്‌ പ്രത്യേകസംഘത്തിനു വിവരം ലഭിച്ചതായി സൂചന. ആലുവ അദൈ്വതാശ്രമത്തില്‍ വേദപഠനത്തിനെത്തിയ അടൂര്‍ സ്വദേശിയായ അജി, സ്വാമിയുടെ മരണം നേരില്‍ കണ്ടതായാണ്‌ ക്രൈംബ്രാഞ്ച്‌ പോലീസിനു ലഭിച്ച വിവരം. ഇതോടെ കേസന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തി.
സ്‌ഥിരമായി ആശ്രമത്തില്‍ വരാറുള്ള അജി എസ്‌.എന്‍.ഡി.പി. അടൂര്‍ യൂണിയനിലെ 171 അങ്ങാടിക്കല്‍ തെക്ക്‌ ശാഖാംഗമാണ്‌. വേദപഠനത്തിനുള്ള ചെലവുകള്‍ വഹിച്ചിരുന്നത്‌ ശാഖയാണ്‌. സ്വാമിയുടെ മരണം നടന്ന ദിവസം അജി അവിടെയുണ്ടായിരുന്നതായി സ്‌ഥിരീകരിച്ചിട്ടുണ്ട്‌. കുളിക്കടവിനു സമീപത്തുവച്ച്‌ ഒരാള്‍ സ്വാമിയെ വെള്ളത്തില്‍ ചവിട്ടിത്താഴ്‌ത്തുകയായിരുന്നുവെന്ന്‌ ആശ്രമത്തിലെ ലാന്‍ഡ്‌ ഫോണില്‍നിന്ന്‌ അജി ചിലരോട്‌ പറഞ്ഞതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. പക്ഷേ, അന്ന്‌ പോലീസ്‌ അജിയുടെ മൊഴി എടുത്തിരുന്നില്ല.
അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്‌ഥന്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ അജി ഒളിവില്‍ പോയി. ഇപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അടൂരില്‍ തിരിച്ചെത്തിയതായി പ്രത്യേകസംഘത്തിനു വിവരം ലഭിച്ചു. തന്റെ ജീവനു ഭീഷണിയുണ്ടാകുമെന്ന്‌ മനസിലായതിനെത്തുടര്‍ന്നാണ്‌ ഒളിവില്‍ പോയതെന്നും കോടതിയില്‍ ഹാജരായി മൊഴി നല്‍കാമെന്നുമാണ്‌ അജി അറിയിച്ചിട്ടുള്ളത്‌. അജിയെ നുണപരിശോധയ്‌ക്കു വിധേയമാക്കും.
അതേസമയം, സ്വാമി ശാശ്വതികാനന്ദയുടെ അടുത്ത അനുയായി സാബുവിനോടൊപ്പം സഹായിയായി നിന്ന അജിയെ സ്വാധീനിച്ച്‌ മൊഴിമാറ്റാനും അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. സ്വാമി മരണപ്പെടുന്ന ദിവസം വേദപഠനത്തിന്‌ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യൂ നടക്കുന്ന ദിവസമായിരുന്നു. അന്ന്‌ ആശ്രമത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ ഒരാളില്‍നിന്നുപോലും തുടക്കത്തില്‍ കേസന്വേഷിച്ച പോലീസ്‌ മൊഴിയെടുത്തിരുന്നില്ല. പിഴവുകളില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കാനാണ്‌ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ നിര്‍ദേശിച്ചിട്ടുള്ളത്‌.
എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, സ്വാമി സൂക്ഷ്‌മാനന്ദ എന്നിവരെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്യും. ഇതിനായി അവര്‍ക്ക്‌ നോട്ടീസ്‌ അയയ്‌ക്കും.സ്വാമിയുടെ മരണത്തിനു തലേന്നു തുഷാര്‍ അദ്ദേഹത്ത കൈയേറ്റം ചെയ്‌തിരുന്നു. ഈ വിവരം പുറത്തിറയിക്കാതിരിക്കാനാണ്‌ പ്രവീണ്‍ വധക്കേസിലെ മുഖ്യപ്രതി പള്ളുരുത്തി പ്രിയനെകൊണ്ട്‌ സ്വാമിയെ വെള്ളത്തില്‍ ചവിട്ടിത്താഴ്‌ത്തിയതെന്നു ബിജു രമേശ്‌ ആരോപിച്ചിരുന്നു.

Top