കെ.എം. മാണി ‘പ്രശാന്തില്‍ നിന്നും പ്രശാന്തമായി പാലയിലേക്ക്’ മടക്കയാത്ര തുടങ്ങി

തിരുവനന്തപുരം: തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയെ പറ്റി പാലായിൽ മറുപടി പറയുമെന്ന് മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എം. ചെയർമാനുമായ കെ. എം മാണി.മന്ത്രി സ്ഥാനം രാജിവച്ച കെ.എം. മാണി തലസ്ഥാനത്തു നിന്നു സ്വന്തം തട്ടകമായ പാലയിലേക്ക് യാത്ര തുടങ്ങി. ബന്ധുക്കളും അനുയായികള്‍ അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും മാണിയെ അനുഗമിക്കുന്നുണ്ട്. പ്രവര്‍ത്തകരുടെ വന്‍ സ്വീകരണത്തോടെയാണ് മാണി പാലയിലെത്തുക.

പ്രശാന്തില്‍ നിന്നും പ്രശാന്തമായി പാലയിലേക്ക് പുറപ്പെടുന്നു എന്ന് ഔദ്യോഗിക വസതിയില്‍ നിന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 50 വര്‍ഷത്തെ നിയമസഭാ ജീവിതവും മന്ത്രിപദവിയും കേരളത്തിന്റെ നന്മക്കു വേണ്ടിയാണ് വിനിയോഗിച്ചത്. സംതൃപ്തിയോടും സമാധാനത്തോടും കൂടിയാണ് പോകുന്നത്. പാവപ്പെട്ടവര്‍ക്ക് എന്തുകൊടുക്കുവാന്‍ കഴിഞ്ഞു എന്നു നോക്കുമ്പോള്‍ സംതൃപ്തിയുണ്ട്- മാണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൈവം കൂടെയുണ്ട്. അല്പ സമയത്തേക്ക് നിന്നെ ഞാന്‍ ഉപേക്ഷിക്കുന്നു പിന്നീട് ശക്തനാക്കും എന്നാണ് ദൈവം പറഞ്ഞത്. മടങ്ങിവരണമന്ന് വലിയ താത്പര്യമില്ല എന്നാലും മടങ്ങിവരും- മാണി പറഞ്ഞു.

കൊട്ടാരക്കര,പന്തളം,തിരുവല്ല,കോട്ടയം,ഏറ്റുമാനൂര്‍,പാല തുടങ്ങി 11 ഇടങ്ങളില്‍ പ്രസംഗിക്കും. മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും ശക്തി പ്രകടനമായിരിക്കും സ്വീകരണ പരിപാടികള്‍.

വൈകിട്ട് പാലയില്‍ എത്തുന്ന മാണിയെ മന്ത്രി പി.ജെ. ജോസഫ് സ്വീകരിക്കും. ഇവിടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ മാണി കൂടുതല്‍ നേരം പ്രസംഗിക്കുകയെന്നാണ് വിവരം. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശദീകരണങ്ങളും പൊതുയോഗങ്ങളില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. തനിക്ക് നീതി ലഭിച്ചില്ലെന്നു ഒട്ടേറെ തവണ ആവര്‍ത്തിച്ച മാണി കോണ്‍ഗ്രസ്,യുഡിഎഫ് നേതാക്കള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കടന്നാക്രമണത്തിനു മുതിരുമോയെന്ന് എല്ലാവരും ഉറ്റുനോക്കുന്നു. ബാര്‍ കോഴ വിഷയത്തില്‍ രണ്ട് നീതിയെന്നാണ് മാണിയുടെ ആരോപണം.
ഇന്നലെയൊടെ തലസ്ഥാനത്തെ പരിപാടികളെല്ലാം മാണി അവസാനിപ്പിച്ചിരുന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ചു യാത്ര പറഞ്ഞു. ധന,നിയമ വകുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച യാത്രയയപ്പു പരിപാടിയില്‍ പങ്കെടുത്തു. വളരെ വികാര നിര്‍ഭരമായിട്ടാണ് മാണി ഉദ്യോഗസ്ഥരോട് സംസാരിച്ചത്. മന്ത്രിയായി തിരിച്ചുവരാന്‍ ആഗ്രഹമില്ലെന്ന് മാണി പറഞ്ഞിരുന്നു.

Top