കേരളം കടക്കെണിയില്‍: 5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: 2026-ല്‍ അധികാരമേറ്റ പുതിയ സര്‍ക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോര്‍ട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ധവളപത്രത്തിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനം കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും 2025-ല്‍ മാത്രം 262 ദിവസം വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിനെയും 84 ദിവസം ഓവര്‍ഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നുവെന്നത് ഖജനാവിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു.

സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ നിര്‍ബന്ധിത ചെലവുകള്‍ക്കായി മാറ്റിവെക്കേണ്ടി വരുന്നത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ/ഡി.ആര്‍ കുടിശ്ശികയിനത്തില്‍ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് പുതിയ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. അതേസമയം, സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നത് ആശങ്കാജനകമാണെന്നും ധവളപത്രത്തില്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിഫ്ബി (KIIFB) വഴി എടുത്തിട്ടുള്ള ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യത യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ തന്നെ കടമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനു പുറമെ കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി രൂപയായി ഉയര്‍ന്നു. സാമ്പത്തിക ഞെരുക്കം കാരണം പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്കായുള്ള പദ്ധതി വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ട്രഷറി പ്രവര്‍ത്തനങ്ങള്‍ അതീവ സങ്കീര്‍ണ്ണം

കേന്ദ്ര വിഹിതത്തില്‍ ഉണ്ടായ കുറവും ജി.എസ്.ടി നഷ്ടപരിഹാരം അവസാനിച്ചതും ഖജനാവിന് കനത്ത ആഘാതമായി. 15-ാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ ലഭിച്ചിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിര്‍ത്തലാക്കിയത് വരുമാനത്തില്‍ 20,000 കോടി രൂപയുടെ കുറവുണ്ടാക്കാന്‍ ഇടയാക്കും. കേന്ദ്ര നികുതി വിഹിതത്തില്‍ കേരളത്തിന്റെ പങ്ക് കുറയുന്നത് സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കുന്നു.

ട്രഷറി പ്രവര്‍ത്തനങ്ങള്‍ അതീവ സങ്കീര്‍ണ്ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 12-ല്‍ 10 മാസവും ട്രഷറിയില്‍ ബാലന്‍സ് നെഗറ്റീവ് ആയിരുന്നു. ആര്‍.ബി.ഐയുടെ അടിയന്തര വായ്പാ സൗകര്യങ്ങളെ (WMA and Overdraft) ആശ്രയിച്ചാണ് ദൈനംദിന കാര്യങ്ങള്‍ നടക്കുന്നത്. വായ്പാ പരിധി അവസാനിച്ചതിനെത്തുടര്‍ന്ന് കടുത്ത ഓവര്‍ഡ്രാഫ്റ്റ് നിയന്ത്രണങ്ങളിലേക്ക് ട്രഷറി നീങ്ങുകയാണ്.

കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനം

കിഫ്ബി (KIIFB) പോലുള്ള സമാന്തര സംവിധാനങ്ങള്‍ സംസ്ഥാനത്തിന് വലിയ ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് ധവളപത്രത്തില്‍ രൂക്ഷ വിമര്‍ശനം. ബജറ്റിന് പുറത്തുള്ള വായ്പകള്‍ എടുക്കുന്നതിനായി രൂപീകരിച്ച കിഫ്ബി, സര്‍ക്കാരിന്റെ നിയന്ത്രണത്തിന് പുറത്തുള്ള ഒരു സമാന്തര ഭരണകൂടമായാണ് പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നിലവില്‍ കിഫ്ബിക്ക് മാത്രം 21,000 കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ട്.

ഇതിനു പുറമെ, അംഗീകരിച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 35,000 കോടി രൂപ കൂടി കിഫ്ബിക്ക് ആവശ്യമാണ്. കിഫ്ബിയുടെ വായ്പകള്‍ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ പരിധിയില്‍ ഉള്‍പ്പെടുമെന്ന കണ്ടെത്തല്‍ വലിയ തിരിച്ചടിയായി. വായ്പ എടുക്കുന്നതിന് സര്‍ക്കാരിനേക്കാള്‍ 1 മുതല്‍ 1.5 ശതമാനം വരെ അധികം പലിശ കിഫ്ബിക്ക് നല്‍കേണ്ടി വരുന്നത് ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

കിഫ്ബി പദ്ധതികളുടെ വിതരണത്തിലും പ്രാദേശികമായ അസമത്വമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ആകെ അനുവദിച്ച തുകയുടെ 20 ശതമാനവും കണ്ണൂര്‍ ജില്ലയിലേക്കാണ് പോയത്. തിരുവനന്തപുരം (17%), എറണാകുളം (11%) എന്നീ ജില്ലകള്‍ കൂടി ചേര്‍ത്താല്‍ ആകെ പദ്ധതികളുടെ പകുതിയോളം ഈ മൂന്ന് ജില്ലകളിലായി ഒതുങ്ങുന്നു. ഇത് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടന്നതെന്ന് റിപ്പോര്‍ട്ട് സംശയിക്കുന്നു.

മൂലധന ചെലവിന്റെ കാര്യത്തില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജി.എസ്.ഡി.പി-യുടെ വെറും 1.3 ശതമാനം മാത്രമാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്നത്. മറ്റു പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 3.01 ശതമാനമാണ്. ഭാവിയില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിക്ഷേപങ്ങള്‍ നടത്താന്‍ കഴിയാത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു.

നികുതി വരുമാനത്തിലുണ്ടായ കുറവും കേന്ദ്ര സഹായം പ്രതീക്ഷിച്ച രീതിയില്‍ ലഭിക്കാത്തതും സംസ്ഥാനത്തെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വ്യവസായ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ സാധിക്കൂ എന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു

 

Top