വിട്ടുവീഴ്ച്ചയില്ലാതെ ഇറാനും അമേരിക്കയും; ഇറാനിലെ അമേരിക്കന്‍ വ്യോമാക്രമണത്തിന് പിന്നാലെ ട്രംപിന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍;തകര്‍ന്നടിഞ്ഞ് സമാധാന കരാര്‍ പൊളിഞ്ഞു

വാഷിംഗ്ടണ്‍: ലോകത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്ത് ഇറാന്‍ അമേരിക്ക യുദ്ധം മുറുകുന്നു. അമേരിക്കയക്ക് തിരിച്ചടി നല്‍കി ഇറാനും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളാണ് കടുത്ത പ്രതിരോധത്തിലായത്.

‘ഇറാന്‍ മര്യാദയ്ക്ക് പെരുമാറുന്നതാണ് അവര്‍ക്ക് നല്ലത്,’ പശ്ചിമേഷ്യന്‍ മേഖലയെ വീണ്ടും അനിശ്ചിതത്വത്തിലേക്കും യുദ്ധഭീതിയിലേക്കും തള്ളിവിട്ടുകൊണ്ട് ഇറാന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ കടുത്ത മുന്നറിയിപ്പാണിത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും നേരെ ബുധനാഴ്ച അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ട്രംപ് തന്റെ നിലപാട് പരസ്യമാക്കിയത്. സമാധാന ചര്‍ച്ചകളിലേക്ക് ഇറാന്‍ ഉടന്‍ മടങ്ങിയെത്തിയില്ലെങ്കില്‍ രാജ്യം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് വാഷിംഗ്ടണില്‍ നിന്നുള്ള മുന്നറിയിപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത ആഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്തെ പ്രധാന പാലങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന ഭീഷണിയും ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാന്‍ ഇപ്പോള്‍ ഒട്ടും സന്തോഷത്തിലല്ലെന്ന് പ്രതിരോധ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. തങ്ങളുമായി ഒരു കരാറിലെത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് വഴങ്ങാത്തപക്ഷം ഇറാനെ പൂര്‍ണ്ണമായി തകര്‍ത്ത് കളയണോ അതോ കരാര്‍ ഉണ്ടാക്കണോ എന്ന് അമേരിക്ക തീരുമാനിക്കുമെന്നും ട്രംപ് കടുപ്പിച്ചു.

കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ താല്‍ക്കാലിക ധാരണകള്‍ പൂര്‍ണ്ണമായും തകിടം മറിച്ചാണ് പശ്ചിമേഷ്യയില്‍ വീണ്ടും ആയുധശബ്ദം മുഴങ്ങുന്നത്. ഹോര്‍മുസ് സമുദ്രസന്ധിയിലൂടെ പോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് ഭീഷണിയാകുന്ന ഇറാന്റെ ആക്രമണ ശേഷി നശിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) വ്യക്തമാക്കി. ഇറാന്റെ തുറമുഖങ്ങള്‍ അടച്ചുകൊണ്ട് നവീകരിച്ച നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ഒരു ഇറാനിയന്‍ കപ്പലിന് നേരെ അമേരിക്കന്‍ സേന വെടിയുതിര്‍ക്കുകയും ചെയ്തു.

അമേരിക്കയുടെ ഈ ഏകപക്ഷീയ നിലപാടിനോട് കടുത്ത ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. ഈ കരാര്‍ കൊണ്ട് തങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലെങ്കില്‍ അത് തുടരേണ്ട യാതൊരു ആവശ്യവും ഇറാന് മുന്നിലില്ലെന്ന് ഇറാന്റെ പരമോന്നത ചര്‍ച്ചാ പ്രതിനിധിയായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പറഞ്ഞു. അമേരിക്കയുമായുള്ള പോരാട്ടം ഇറാന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണെന്നും, സമാധാന ചര്‍ച്ചകളും യുദ്ധവും ഒരുപോലെ തങ്ങളുടെ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമാണെന്നും ഖാലിബാഫ് ഇറാനിയന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ, ബഹ്റൈനിലെയും കുവൈറ്റിലെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തങ്ങള്‍ തിരിച്ചടി നല്‍കിയതായി ഇറാന്‍ സൈന്യവും അവകാശപ്പെട്ടു. മേഖലയില്‍ സംഘര്‍ഷം തുടരുന്ന അഞ്ചാം ദിവസമാണ് ഇരുപക്ഷവും പരസ്പരം വലിയ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. സമുദ്രസന്ധിയിലെ തങ്ങളുടെ അധികാരപരിധി സംരക്ഷിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണെന്നും ഇറാന്‍ അടിവരയിട്ടു പറയുന്നു.

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബുധനാഴ്ച പകല്‍ സമയത്ത് രണ്ട് ഘട്ടങ്ങളായാണ് ഇറാനില്‍ യുഎസ് ആക്രമണം നടത്തിയത്. ഹോര്‍മുസ് സമുദ്രസന്ധിയിലെ തന്ത്രപ്രധാനമായ ഗ്രേറ്റര്‍ ടുണ്‍ബ് ദ്വീപിലെ ക്രൂയിസ് മിസൈല്‍ സംഭരണകേന്ദ്രങ്ങളും തീരദേശ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം നടന്നു. അതിനുശേഷം ഇറാന്റെ കമാന്‍ഡ് സെന്ററുകളും എയര്‍ ഡിഫന്‍സ് സൈറ്റുകളും തകര്‍ത്തതായി സെന്റ്കോം അറിയിച്ചു.

ഇറാന്റെ പ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസ്, ചബഹാര്‍ എന്നിവിടങ്ങളിലെ റഡാര്‍ സംവിധാനങ്ങളും സമുദ്ര നിരീക്ഷണ കേന്ദ്രങ്ങളും അമേരിക്കന്‍ വ്യോമസേന തകര്‍ത്തെറിഞ്ഞു. തുറമുഖ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച നിരവധി ചരക്കു കപ്പലുകളെ അമേരിക്കന്‍ നാവികസേന വഴിതിരിച്ചുവിടുകയും ചെയ്തു. ഇതോടെ പേര്‍ഷ്യന്‍ ഗള്‍ഫിലൂടെയുള്ള സാധാരണ കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

അമേരിക്കന്‍ ഉപരോധത്തിനും വ്യോമാക്രമണത്തിനും എതിരെ ഇറാന്‍ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (കഞഏഇ) ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുടെയും അവരുടെ സഖ്യരാഷ്ട്രങ്ങളുടെയും സാമ്പത്തിക താല്‍പ്പര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന മറ്റ് എണ്ണ-വാതക കയറ്റുമതി പാതകളും പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇത് നടപ്പിലാക്കിയാല്‍ ആഗോള ഊര്‍ജ്ജ വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.

ട്രംപിന്റെ കടുത്ത നിലപാടുകളും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീഷണിയും അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ തുര്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കൊന്നും വഴങ്ങാതെ ഉപരോധം കര്‍ശനമാക്കാനാണ് ട്രംപിന്റെ തീരുമാനം.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലെ ഈ പോരാട്ടം ആഗോള സമ്പദ്വ്യവസ്ഥയെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്നു. എണ്ണക്കപ്പലുകളുടെ നീക്കം ഏതാണ്ട് പൂര്‍ണ്ണമായി നിലച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചില്ലെങ്കില്‍, അമേരിക്കയും ഇറാനും തമ്മിലുള്ള ഈ നേരിട്ടുള്ള ഏറ്റുമുട്ടല്‍ പശ്ചിമേഷ്യ ഒന്നാകെ വിഴുങ്ങുന്ന ഒരു വന്‍ യുദ്ധത്തിലേക്ക് വഴിമാറുമെന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങള്‍.

 

Top