കോഴിക്കോട്: കോട്ടയം ജില്ലാ സമ്മേളനത്തിന് പിന്നാലെ കോഴിക്കോടും ഡിവൈഎഫ്ഐ നിര്‍വാഹക സമിതിയിലും ജില്ലാ സമ്മേളനത്തിലും സംസ്ഥാന-ദേശീയ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് അണികള്‍ അഴിച്ചുവിട്ടത്. വിപ്ലവ യുവജന പ്രസ്ഥാനമെന്ന നിലയില്‍ തെരുവില്‍ പോരാടേണ്ട സംഘടന കേവലം കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നുവെന്ന കടുത്ത അമര്‍ഷമാണ് സമ്മേളന പ്രതിനിധികള്‍ പങ്കുവെച്ചത്.
‘ചോറിനൊപ്പം രക്തവും കൊടുക്കണം’ എന്ന വൈകാരികമായ പ്രതികരണത്തോടെയാണ് അണികള്‍ നേതൃത്വത്തിന്റെ പ്രവര്‍ത്തനശൈലിയെ ചോദ്യം ചെയ്തത്. മെഡിക്കല്‍ കോളേജുകളില്‍ പൊതിച്ചോറ് നല്‍കുന്നത് മഹത്തായ കാര്യമാണെങ്കിലും, നേതാക്കള്‍ അതിന്റെ മേന്മ പറഞ്ഞു നടക്കുകയല്ലാതെ വിപ്ലവകരമായ മറ്റു പോരാട്ടങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മുന്‍കാലങ്ങളില്‍ സജീവമായിരുന്ന കൂട്ടായ രക്തദാനവും തെരുവ് പ്രക്ഷോഭങ്ങളും ഇപ്പോള്‍ തീര്‍ത്തും ഇല്ലാതായി.
കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് തുടരുന്ന ഇടത് ഭരണത്തിന്റെ തണലില്‍ നില്‍ക്കുന്നത് ഡിവൈഎഫ്ഐയെ അടിമുടി നിര്‍ജീവമാക്കിയെന്നാണ് സമ്മേളനം വിലയിരുത്തിയത്. ഭരണത്തിന്റെ സുഖശീതളിമയില്‍ സംഘടനാസംവിധാനം തളരുകയും വലിയ രീതിയിലുള്ള വീഴ്ചകള്‍ സര്‍വത്ര ഉണ്ടാവുകയും ചെയ്തു. പോരാട്ടവീര്യം നശിച്ച ഒരു സഹകരണ സംഘത്തിന്റെ തലത്തിലേക്ക് സംഘടനയെ എത്തിച്ചതില്‍ അണികള്‍ക്ക് കടുത്ത നിരാശയാണുള്ളത്.
അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപിക്കെതിരെയും കോഴിക്കോട് സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. റഹീമിന്റെ പ്രവര്‍ത്തനങ്ങള്‍ വെറും മാധ്യമ ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണെന്ന് പ്രതിനിധികള്‍ ആഞ്ഞടിച്ചു. കേന്ദ്ര നേതൃത്വത്തിലിരുന്ന് യുവജനങ്ങളെ നയിക്കേണ്ടയാള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ റോള്‍ മാത്രമാണ് നിര്‍വഹിക്കുന്നതെന്നും ആരോപണമുയര്‍ന്നു.
നേരത്തെ കോട്ടയം ജില്ലാ സമ്മേളനത്തിലും സമാനമായ രീതിയില്‍ റഹീമിനും സംസ്ഥാന നേതൃത്വത്തിനും എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയായി കോഴിക്കോട്ടും നേതാക്കള്‍ക്ക് നേരെ വിമര്‍ശന ശരങ്ങള്‍ എത്തിയതോടെ, പിണറായി വിജയന്റെ കര്‍ശന നിയന്ത്രണത്തിന് കീഴില്‍ നിലനിന്നിരുന്ന സംഘടനയ്ക്കുള്ളിലെ നിശബ്ദത പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
ഒരു കാലത്ത് പാര്‍ട്ടിയിലും പോഷക സംഘടനകളിലും ഔദ്യോഗിക വിഭാഗത്തിന്റെ വാക്കിനപ്പുറം മറ്റൊരു അഭിപ്രായം പറയുന്നത് അചിന്തനീയമായിരുന്നു. പിണറായിസം പിടിമുറുക്കിയതോടെ സഖാക്കള്‍ ഭയന്നു വിറച്ച് മിണ്ടാതിരുന്ന അവസ്ഥയില്‍ നിന്നാണ്, ഇപ്പോള്‍ യോഗങ്ങളില്‍ വിപ്ലവ വീര്യത്തോടെ നേതാക്കളെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
ജനകീയ വിഷയങ്ങളില്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ട യുവജന പ്രസ്ഥാനത്തെ നേതൃത്വം ബോധപൂര്‍വം നിര്‍ജീവമാക്കുകയാണെന്ന കടുത്ത ആരോപണമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഉന്നയിച്ചത്. സംഘടനയുടെ ഈ അപചയത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും തെരുവിന്റെ രാഷ്ട്രീയത്തിലേക്ക് സംഘടന തിരിച്ചുവരണമെന്നും അവര്‍ ഒരേസ്വരം ആവശ്യപ്പെട്ടു.
ഭരണത്തിലില്ലായിരുന്ന കാലത്ത് തെരുവുകളില്‍ ചോര ചിന്തിയ ഡിവൈഎഫ്ഐ, ഭരണത്തിന്റെ തണലില്‍ വീണുറങ്ങുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് താഴെത്തട്ടിലുള്ളവര്‍ തിരിച്ചറിയുന്നു. നേതൃത്വത്തിന്റെ ആഡംബര മോഹങ്ങളും മാധ്യമ ശ്രദ്ധ നേടാനുള്ള നെട്ടോട്ടവും സംഘടനയുടെ അടിത്തറയിളക്കിയെന്നാണ് പ്രതിനിധികളുടെ ആത്മപരിശോധന.


