തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. പ്രചാരണം പിണറായി വിജയനിലേക്ക് മാത്രം കേന്ദ്രീകരിച്ചത് എതിരാളികള്‍ക്ക് ഗുണമായെന്നും വ്യക്തികേന്ദ്രീകൃത പ്രചാരണവും പാര്‍ട്ടി നയങ്ങളില്‍ നിന്നുളള വ്യതിചലനവും തിരിച്ചടിയായെന്നുമാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തല്‍.
പാര്‍ട്ടിയുടെ ദേശീയ നിലപാട് കേരള ഘടകം ദുര്‍ബലപ്പെടുത്തിയെന്നും കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. അയ്യപ്പസംഗമം തെറ്റായ തീരുമാനമായെന്നും വിമര്‍ശനമുണ്ടായി. അയ്യപ്പസംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തിരിച്ചടിച്ചു. എസ്എന്‍ഡിപി നേതൃത്വത്തോട് അകലം പാലിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കിയില്ലെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി വിമര്‍ശിക്കുന്നു.
എസ്എന്‍ഡിപി നേതൃത്വത്തിന്റെ സംഘപരിവാര്‍ ബന്ധം തുറന്നുകാട്ടിയില്ല. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളെ തളളിപ്പറയാന്‍ തയ്യാറാകാത്തതും തിരിച്ചടിക്ക് കാരണമായി. ബിജെപിയുമായി സഹകരണമെന്ന സംശയം ജനങ്ങളില്‍ ഉണ്ടാക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചു. പിഎം ശ്രീയിലും ലേബര്‍ കോഡിലും വ്യതിചലനമുണ്ടായി’ എന്നും സിപിഐഎം കേന്ദ്രകമ്മിറ്റി വിമര്‍ശിച്ചു. പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ബ്രാഞ്ച് തലം മുതല്‍ വീഴ്ചകള്‍ സംഭവിച്ചുവെന്നും കമ്മിറ്റി വിലയിരുത്തി. തെറ്റ് തിരുത്തല്‍ നടപടികള്‍ തീരുമാനിക്കാന്‍ സെപ്റ്റംബറില്‍ വിശാല സംസ്ഥാന സമിതി യോഗം ചേരും.










