അധികാരം കിട്ടിയാല്‍ എന്തുമാകാമെന്ന് പിണറായി സര്‍ക്കാര്‍ വിചാരിക്കരുതെന്ന് ഉമ്മന്‍ചാണ്ടി

oommen-chandy

തിരുവനന്തപുരം: ദളിത് പെണ്‍കുട്ടികളെ കൊലയകുറ്റം ചുമത്തി ജയിലിലടച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നു. അധികാരം കിട്ടിയാല്‍ എന്തുമാകാമെന്നുളള മനോഭാവമാണ് പിണറായി സര്‍ക്കാരിനുള്ളതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു.

കേരളത്തില്‍ ഒരു ദളിത് പെണ്‍കുട്ടിയെ കൈക്കുഞ്ഞുമായി കള്ളക്കേസില്‍ ജയിലില്‍ അടച്ച സംഭവം ഇതിനു മുമ്പുണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കാസര്‍ഗോഡ് പറഞ്ഞു. കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദളിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

കുട്ടികള്‍ ജയിലില്‍ പോകുന്നത് ആദ്യ സംഭവമല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. മുമ്പും ചില ആദിവാസിക്കുട്ടികള്‍ ജയിലില്‍ പോയിട്ടുണ്ട്. കണ്ണൂരില്‍ കുട്ടിയെ ജയിലില്‍ കൊണ്ടു പോയത് അമ്മയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ജയിലില്‍ പോകാന്‍ എകെ ആന്റണി ആഹ്വാനം ചെയ്തിരുന്നു. മറ്റുവഴികള്‍ ഇല്ലാത്തതു കൊണ്ടാകാം കോണ്‍ഗ്രസ് സംവിധാനം ഈ വഴികള്‍ സ്വീകരിച്ചത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമല്ലെന്നും പ്രതികരണം പൊലീസിനോടാണ് ചോദിക്കേണ്ടതെന്നും പിണറായി പറഞ്ഞിരുന്നു.

Top