കോഴിക്കോട്: എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് കോടികളുടെ ഓഫറുമായി തട്ടിപ്പുസംഘത്തിന്റെ ഫോണ്‍വിളി. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും മൂന്നു കോടി രൂപ നല്‍കിയാല്‍ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നും വാഗ്ദാനം ചെയ്താണ് ഡല്‍ഹിയില്‍ നിന്ന് വാട്സാപ്പ് കോള്‍ എത്തിയത്. സംഭവത്തില്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് സൈബര്‍ സെല്‍ അടിയന്തര അന്വേഷണം ആരംഭിച്ചു.
ജൂലൈ ആറിനാണ് വിദ്യാ ബാലകൃഷ്ണന് അജ്ഞാതന്റെ ഫോണ്‍ കോള്‍ വരുന്നത്. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നും പേര് രാജ്കുമാര്‍ എന്നാണെന്നുമാണ് വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ പ്രമുഖനായ ഒരു എംപിയാണ് ഫോണ്‍ നമ്പര്‍ കൈമാറിയതെന്നും പൂര്‍ണ്ണമായും ഇംഗ്ലീഷിലുമായിരുന്നു സംസാരിച്ചത്. സംഭാഷണം മുന്നോട്ട് പോയതോടെ വിളിയില്‍ സംശയം തോന്നിയ എംഎല്‍എ, തട്ടിപ്പുസംഘത്തെ കുടുക്കാനായി പണം നല്‍കാം എന്ന് താല്‍ക്കാലികമായി സമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന്, നമ്പര്‍ നല്‍കിയെന്ന് പറയപ്പെട്ട ജില്ലയിലെ എംപിയുമായി വിദ്യാ ബാലകൃഷ്ണന്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടു. എഐസിസി ആസ്ഥാനത്തു നിന്നാണെന്ന് പറഞ്ഞ് തന്നേയും ഒരാള്‍ വിളിച്ചിരുന്നുവെന്നും, ജില്ലയിലെ രണ്ട് എംഎല്‍എമാരുടെ ഫോണ്‍ നമ്പറുകള്‍ ചോദിച്ചു വാങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി. ഇതോടെ കാര്യം കൂടുതല്‍ ദുരൂഹമാണെന്ന് മനസ്സിലാക്കിയ ഇരുവരും കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനവുമായും പ്രിയങ്ക ഗാന്ധിയുടെ ഡല്‍ഹി ഓഫീസുമായും നേരിട്ട് ബന്ധപ്പെടുകയായിരുന്നു.
പ്രിയങ്കയുടെ ഓഫീസില്‍ നിന്ന് ഇത്തരമൊരു ഫോണ്‍വിളി പോയിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെയാണ് വലിയൊരു തട്ടിപ്പ് നീക്കമാണ് നടന്നതെന്ന് വ്യക്തമായത്. ഇതിനെത്തുടര്‍ന്ന് ജൂലൈ 11-ന് എംഎല്‍എ കോഴിക്കോട് സൈബര്‍ സെല്ലില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോണ്‍ കോളിന്റെ ഉറവിടം ഡല്‍ഹി തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പാര്‍ട്ടി ഉന്നത നേതാക്കളുടെയും എംപിമാരുടെയും പേര് ദുരുപയോഗം ചെയ്ത് ജനപ്രതിനിധികളെപ്പോലും തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും അതീവ ഗൗരവത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. വിഷയത്തില്‍ പരസ്യമായ പ്രസ്താവനകള്‍ക്കൊന്നുമില്ലെന്നും പാര്‍ട്ടിയാണ് കാര്യങ്ങള്‍ ഔദ്യോഗികമായി പറയേണ്ടതെന്നും വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എ വ്യക്തമാക്കി.


