തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎം സിപി ഐ പോര് മുറുകുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് സിപി ഐ വ്യക്തമാക്കിയട്ടും വഴങ്ങാതെ സിപിഎം മുന്നോട്ട് പോകുന്നതാണ് സിപി ഐയെ പ്രകോപിപ്പിക്കുന്നത്.
സിപിഎം വഴങ്ങിയില്ലെങ്കില്‍ ഇടതുമുന്നണിയുടെ തകര്‍ച്ചയ്ക്കാവും ഇത് വഴിവെക്കുകയെന്ന കൃത്യമായ മുന്നറിയിപ്പാണ് സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലെ തീരുമാനങ്ങള്‍ നല്‍കുന്നത്.
സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം അനുനയ നീക്കങ്ങളുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എം.എന്‍. സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ചര്‍ച്ച പൂര്‍ണമായും പരാജയപ്പെട്ടു. ഉപനേതാവ് പദവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയവും ചര്‍ച്ചയും വേണമെന്നും അതുവരെ മുന്നണിയുമായി സഹകരിച്ചു പോകണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിപക്ഷ ഉപനേതാവ് പദവിയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകാതെ മറ്റ് വിട്ടുവീഴ്ചകള്‍ക്കില്ലെന്ന കടുത്ത നിലപാടാണ് ബിനോയ് വിശ്വവും പിന്നാലെ ചേര്‍ന്ന നിര്‍വാഹകസമിതിയും സ്വീകരിച്ചത്.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെയും മുന്നണിക്കെതിരെയും ഒറ്റയ്ക്ക് ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകാനാണ് സിപിഐയുടെ തീരുമാനം. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയം, പി.എം.ശ്രീ പദ്ധതി തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ സിപിഎം നിലപാടിനോട് യോജിക്കാനാകില്ലെന്ന് സിപിഐ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം വിഷയത്തില്‍ സിപിഎമ്മിനെ തള്ളി തനിച്ച് സമരത്തിനിറങ്ങാനാണ് സിപിഐയുടെ തീരുമാനം.
വിഷയങ്ങളില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ അഭ്യര്‍ഥിച്ചെങ്കിലും നിര്‍വാഹകസമിതി യോഗത്തില്‍ അംഗങ്ങള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ഉപനേതാവ് പദവി സിപിഐയുടെ അര്‍ഹമായ അവകാശമാണെന്നും, അത് നല്‍കാതെ സിപിഎമ്മിന് മുന്നില്‍ മുട്ടുമടക്കേണ്ടതില്ലെന്നുമാണ് നേതാക്കളുടെ പൊതുവികാരം. എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതും സിപിഎമ്മിനുള്ള ശക്തമായ താക്കീതാണ്.
നിലവില്‍ എല്‍ഡിഎഫില്‍ നിന്ന് മാറിനില്‍ക്കാനോ മുന്നണിയോഗങ്ങള്‍ ബഹിഷ്‌കരിക്കാനോ നിര്‍വാഹകസമിതി ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെങ്കിലും, ഈ അകല്‍ച്ച മുന്നണിയുടെ നാളെയെ പ്രതിസന്ധിയിലാക്കും. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ സമാന്തര സമരങ്ങളിലേക്ക് നീങ്ങുന്നത് ഭരണപക്ഷത്തിന് രാഷ്ട്രീയമായി വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി തുടക്കമിട്ട തര്‍ക്കം ഇപ്പോള്‍ ആശയപരമായ ചേരിതിരിവിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഭിന്നത പരിഹരിക്കാന്‍ സിപിഎം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഇടതുമുന്നണിയുടെ കെട്ടുറപ്പ് തന്നെ തകരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങും.
അതിനിടെ, കൂടിയാലോചനയിലൂടെ പ്രശ്നം പരിഹരിക്കുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചത്. എന്നാല്‍ ഇരു പാര്‍ട്ടികള്‍ക്കും ഒരേ രാഷ്ട്രീയ കാഴ്ചപ്പാടാണെന്നും എപ്പോഴും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും ബിനോയ് വിശ്വവും വ്യക്തമാക്കുന്നുണ്ടെങ്കിലും, പദവി ഉറപ്പുനല്‍കാതെ സിപിഐ ഒത്തുതീര്‍പ്പിന് തയാറാകില്ലെന്ന് ഉറപ്പാണ്.


