അവിശ്വസനീയം, വീണ്ടും ‘മെസി മാജിക്’, രാജകീയ കുതിപ്പോടെ ഇംഗ്ലീഷ് ചാനല്‍ കടന്ന് അര്‍ജന്റീന

അറ്റ്ലാന്റ: ആറു പതിറ്റാണ്ടിനിപ്പുറം വീണ്ടുമൊരു ലോകകിരീടമെന്ന ഇംഗ്ലീഷ് പടയുടെ മോഹം മെസിയും സംഘവും തല്ലിത്തകര്‍ത്തു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളുടെ ചരിത്രമുള്ളതാണ് അര്‍ജന്റീന- ഇംഗ്ലീഷ് മുഖാമുഖം. അറ്റ്‌ലാന്റയിലും ആവേശം വാനോളം വിതറിയാണ് മെസിയും സംഘവും ഫൈനലിലേക്ക് കടന്നത്. മത്സരത്തിന്റെ 84-ാം മിനിറ്റു വരെയും പിന്നില്‍ നിന്നശേഷം അവിശ്വസനീയ കുതിപ്പുമായി, നിലവിലെ ചാംപ്യന്മാരുടെ രാജകീയ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് അറ്റ്ലാന്റെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

മത്സരത്തിന്റെ തുടക്കത്തില്‍ ഇംഗ്ലീഷ് നിര ആധിപത്യം പുലര്‍ത്തുകയും അര്‍ജന്റീന ബോക്സിലേക്ക് ഇരച്ചു കയറുകയും ചെയ്തു. എന്നാല്‍ ഇംഗ്ലീഷ് മുന്നേറ്റങ്ങളെ അര്‍ജന്റീന സമര്‍ത്ഥമായി ചെറുത്തു. പ്രത്യാക്രമണത്തിനിടെ ഇംഗ്ലണ്ട് ബോക്സില്‍ മെസിക്ക് പന്തു ലഭിച്ചെങ്കിലും ഓഫ് സൈഡ് വിളിച്ചു. പലപ്പോഴും കളി പരുക്കനായതോടെ, ഇരുടീമുകളിലെയും താരങ്ങള്‍ നിരന്തരം ഫൗള്‍ ചെയ്തത് കളിയുടെ ഒഴുക്കിനെ ബാധിച്ചു. 37-ാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന്റെ മധ്യനിര താരം എലിയറ്റ് ആന്‍ഡേഴ്‌സണ്‍ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് കണ്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നാലെ 41-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിന്റെ കൗണ്ടര്‍ അറ്റാക്ക് തടഞ്ഞ അര്‍ജന്റീനയുടെ പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആദ്യ പകുതിയില്‍ ഇംഗ്ലിഷ് ബോക്സിനു പുറത്തുനിന്ന് എന്‍സോ ഫെര്‍ണാണ്ടസ് എടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് പോയി. ഇരു ടീമുകളും പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത ആദ്യ പകുതിയില്‍ രണ്ടുടീമിനും ഗോളൊന്നും നേടാനായില്ല.

എങ്ങനെയും ഗോള്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഇറങ്ങിയത്. നിരവധി ആക്രമണ- പ്രത്യാക്രണങ്ങളും ഉണ്ടായി. 47-ാം മിനിറ്റില്‍ ഹൂലിയന്‍ ആല്‍വാരസിന്റെ ഷോട്ട് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി. പിന്നാലെ 55-ാം മിനിറ്റില്‍ ലോകചാംപ്യന്മാരെ ഞെട്ടിച്ച് ഇംഗ്ലണ്ട് അര്‍ജന്റീനന്‍ ഗോള്‍വല ചലിപ്പിച്ചു. വലതുവിങ്ങില്‍ നിന്ന് മോര്‍ഗന്‍ റോജേഴ്‌സ് നല്‍കിയ ക്രോസ് ആന്തണി ഗോര്‍ഡന്‍ അര്‍ജന്റീനന്‍ പ്രതിരോധനിരയെ വെട്ടിച്ച് വലയില്‍ അടിച്ചു കയറ്റുകയായിരുന്നു.

ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീന ആക്രമണം കടുപ്പിച്ചു. പിന്നീട് നിരനിരയായി ഇംഗ്ലീഷ് ഗോള്‍മുഖത്ത് ആക്രമണങ്ങളായിരുന്നു. 69-ാം മിനിറ്റില്‍ മെസിയുടെ ക്രോസില്‍ നിന്നുള്ള നിക്കോ ഗോണ്‍സാലസിന്റെ ഹെഡര്‍ ഗോളി പിക്‌ഫോര്‍ഡ് അദ്ഭുതകരമായി രക്ഷപ്പെടുത്തി. 76-ാം മിനിറ്റില്‍ റോഡ്രിഗോ ഡിപോളിന്റെ ക്രോസില്‍ നിന്നുള്ള അല്ക്‌സിസ് മാക് അലിസ്റ്ററുടെ ഹെഡര്‍ പോസ്റ്റിലിടിച്ച് മടങ്ങി. ഒടുവില്‍ 85-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ പ്രയത്നം സഫലമായി.

ക്യാപ്റ്റന്‍ മെസിയുടെ പാസില്‍ ബോക്സിനു മുന്നില്‍ നിന്നും എന്‍സോ ഫെര്‍ണാണ്ടസ് തൊടുത്ത നെടുനീളന്‍ ലോങ് റേഞ്ചര്‍ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ പിക്ഫോര്‍ഡിനെയും മറികടന്ന് വലയിലെത്തി. ഇതോടെ ലോകചാംപ്യന്മാര്‍ സമനില നേടി. ഗോള്‍ നേടിയ ശേഷവും അര്‍ജന്റീന അക്രമണങ്ങള്‍ തുടര്‍ന്നു. പകച്ചുപോയ ഇംഗ്ലണ്ടിനെ തകര്‍ത്ത്, ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മെസിയുടെ ക്രോസിന് തലവെച്ച് ലൗട്ടാരോ മാര്‍ട്ടിനസ് വിജയഗോള്‍ കണ്ടെത്തി.

ഇതോടെ അറ്റ്ലാന്റ സ്റ്റേഡിയത്തിലെ അര്‍ജന്റീന ആരാധകര്‍ ആഘോഷാരവം തീര്‍ത്തു. നിസഹായരായ ഇംഗ്ലീഷ് പടയ്ക്ക് മുന്നില്‍ ഫൈനലെന്ന മോഹം തകര്‍ത്ത് ഫൈനല്‍ വിസിലുമെത്തി. ഇതോടെ മെസിയും അര്‍ജന്റീനയും തുടര്‍ച്ചയായ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ അര്‍ജന്റീന സ്പെയിനിനെ നേരിടും. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി (തിങ്കളാഴ്ച പുലര്‍ച്ചെ) 12.30ന് ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം നടക്കുക.

 

Top