കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; നടന്‍ അംബരീഷ് എംഎല്‍എ സ്ഥാനം രാജിവെച്ചു; സിദ്ധരാമയ്യയ്ക്കെതിരെ പ്രതിഷേധം ശക്തം

champ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ പ്രതിഷേധവുമായി കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ തെരുവിലിറങ്ങി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നടന്‍ അംബരീഷ് എംഎല്‍എ സ്ഥാനം രാജിവെച്ചു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എല്ലാ നേതാക്കളും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ പ്രതിഷേധിച്ചിറങ്ങുകയായിരുന്നു.

മുഖ്യമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കിയ ഇവര്‍ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യ പുന:സംഘടന നടത്തിയത്. മന്ത്രിസഭയിലെ 14 പേരെ ഒഴിവാക്കി പകരം 13 പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി. അംബരീഷിന്റെ അനുയായികളും സ്ഥാനം നഷ്ടപ്പെട്ട മറ്റ് മന്ത്രിമാരായ ശ്രീനിവാസ പ്രസാദ്, ഖമറുള്ള ഇസ്ലാം, ബാബുറാവു ചിന്‍ചാന്‍സുര്‍ എന്നിവര്‍ ഗുല്‍ബര്‍ഗ, മാണ്ഡ്യ, മൈസൂര്‍, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളില്‍ മുദ്രാവാക്യം വിളികളുമായി പ്രകടനം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അംബരീഷിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ കര്‍ണാടക ഫിലിം ചേംബര്‍ സിനിമാ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അവസാന നിമിഷം മന്ത്രിസ്ഥാനം നഷ്ടപ്പെട്ട വിജയനഗരം എംഎല്‍എ എം കൃഷ്ണപ്പയുടെ അനുയായികള്‍ ബംഗളുരുവിലെ മെട്രോ സ്റ്റേഷനിലെ സൈന്‍ ബോര്‍ഡുകള്‍ നശിപ്പിച്ചു. റവന്യു മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട വി ശ്രീനിവാസ പ്രസാദ് സിദ്ധരാമയ്യ വഞ്ചകനാണെന്ന് കുറ്റപ്പെടുത്തി. പുനസംഘടന സിദ്ധരാമയ്യയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കാട്ടിയത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ പ്രതിസന്ധി പാര്‍ട്ടിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അടുത്തിടെ പലസംസ്ഥാനങ്ങളിലും ഉണ്ടായ റിബല്‍ ശല്യം കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പ്രമുഖ സംസ്ഥാനങ്ങളില്‍ അവസാനത്തേതാണ് കര്‍ണാടക. ഇവിടെയും പാര്‍ട്ടി പൊട്ടിത്തെറിയിലേക്ക് പോയാല്‍ അത് ഹൈക്കമാന്റിന് കനത്ത ആഘാതമാകും നല്‍കുക.

Top