സിപിഎമ്മിന്‍റെ സൈബർ സംഘത്തെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ ‘എക്സ്പോസിങ് പിണറായി A to Z’ എന്ന വീഡിയോ കാംപയിൻ

സ്വന്തം ലേഖകൻ

കോട്ടയം: സിപിഎമ്മിന്‍റെ സൈബർ സംഘത്തെ പ്രതിരോധിക്കാൻ ബഹുമുഖ പോർമുഖം തുറക്കുന്നതിന്‍റെ ഭാഗമായി നവലോക കോണ്‍ഗ്രസ് പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു. എക്സ്പോസിങ് പിണറായി A to Z എന്ന വീഡിയോ കാംപയിനാണ് ആദ്യം ആരംഭിക്കുക. വിവര സാങ്കേതിക വിദ്യയുടെയുടെയും സമൂഹമാധ്യമങ്ങളുടെയും സാധ്യതകൾ ഉപയോഗിച്ച് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് വകുപ്പാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.

പ്രൊഫഷണല്‍ കോണ്‍ഗ്രസ് നിലവിൽ വന്നപ്പോൾ അതിന്‍റെ നേതൃസ്ഥാനത്തുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടനാണ് ഗവേഷണ വിഭാഗത്തിന്‍റെ ചുമതലക്കാരന്‍. നാലു ഘട്ടങ്ങളിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് ആദ്യത്തേത്. ഇതിന്‍റെ ഭാഗമാണ് വീഡിയോ കാംപയിൻ.
പൊതുവിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് വിശദീകരിക്കുന്ന പഠനങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുക, സോഷ്യല്‍ മീഡിയയിലെ ദൈനംദിന ഇടപെടലുകള്‍ക്കു വേണ്ട വിവരങ്ങളും കണക്കുകളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുക, പാര്‍ട്ടിക്കു വേണ്ടി തെരഞ്ഞെടുപ്പ് സംബന്ധിച്ച ബിഗ് ഡാറ്റാ അനാലിസിസ് നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നിവയാണ് ഈ വിഭാഗത്തിന്‍റെ ചുമതല. തെരഞ്ഞെടുപ്പിനു മുമ്പ് പ്രഫഷണൽ സമീപനവും നൂതനവുമായ പ്രചാരണ രീതിക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.


റിസേര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചപ്പോൾ ലോകത്തിന്‍റെ നാനാ കോണുകളില്‍നിന്ന് അഭൂതപൂർവമായ പ്രതികരണമാണ് ഉണ്ടായതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.താത്പര്യമുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഡിജിറ്റല്‍ ഇടം നല്‍കിയപ്പോൾ ആയിരത്തിലേറെ കോൺഗ്രസ് പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്.സ്റ്റാറ്റിസ്റ്റിക്‌സില്‍ മികവു തെളിയിച്ചവര്‍, ഡേറ്റാ അനലിസ്റ്റുകൾ, ഗവേഷണ വിദ്യാർഥികൾ, ശാസ്ത്രജ്ഞർ, വിവര സാങ്കേതികരംഗത്തെ വിദഗ്ധർ തുടങ്ങി നിരവധി പേരാണ് സന്നദ്ധത അറിയിച്ചതെന്ന് കുഴൽനാടൻ പറഞ്ഞു. ഇവരില്‍ നിന്ന് ഏറ്റവും അനുയോജ്യരായവരെ തെരഞ്ഞെടുക്കാനും അവരുടെ കഴിവും പ്രാപ്തിയും പാര്‍ട്ടിക്കായി ഉപയോഗപ്പെടുത്താനുമാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്.

Top