നെഹ്‌റു കുടുംബം നയിച്ചില്ലെങ്കിൽ പാർട്ടി പിളരും..!! പാരമ്പര്യം കയ്യൊഴിയാനാകാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ വഴിമുട്ടുന്നു. പരമ്പരാഗത രീതികള്‍ക്ക് പുറത്തേയ്ക്ക് കോണ്‍ഗ്രസിലെ അധികാര സ്ഥാനങ്ങള്‍ കൊണ്ടുപോകുന്നതിനുളള രാഹുല്‍ ഗാന്ധിയുടെ ശ്രമം വിജയിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചന. നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിനെ പല നേതാക്കന്മാരും അംഗീകരിക്കുന്നില്ല.

നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള അധ്യക്ഷനെത്തിയാല്‍ പാര്‍ട്ടി പിളരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്വര്‍ സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്നു നേതൃത്വത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്കിടെയാണ് പ്രിയങ്കയ്ക്കു വേണ്ടിയുള്ള മുറവിളിയെ അനുകൂലിച്ച് നട്വര്‍ സിങ് രംഗത്തെത്തിയത്. 134 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ലാതിരിക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക സന്ദര്‍ശിച്ചതും അവരെ പൊലീസ് തടഞ്ഞുവച്ചതും വന്‍ വിവാദമായിരുന്നു. പാര്‍ട്ടിയെ നയിക്കാനുള്ള പ്രിയങ്കയുടെ പ്രാഗത്ഭ്യമാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് നട്വര്‍ സിങ് പറഞ്ഞു. അതേസമയം നെഹ്റു കുടുംബത്തില്‍നിന്ന് ആരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തരുതെന്നാണു രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നതെന്നും ഈ തീരുമാനം മാറ്റാന്‍ അവര്‍ക്കു മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രിയങ്ക നൂറു ശതമാനം സ്വീകാര്യയാണെന്നും അവര്‍ തന്നെ അധ്യക്ഷയാകണമെന്നും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന്‍ അനില്‍ ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റാരെങ്കിലും നേതൃത്വത്തിലേക്കു വന്നാല്‍ എതിര്‍പ്പുകളുണ്ടാമെന്നും പാര്‍ട്ടി അസ്ഥിരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ രാജിവച്ച് 50 ദിവസം പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. കര്‍ണാടകയിലും ഗോവയിലും ഉടലെടുത്ത പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയെ ചൊല്ലിയും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുടലെടുത്തിട്ടുണ്ട്.

Top