ഇടമലയാര്‍ ആനവേട്ട കേസ് അട്ടിമറിച്ചു…..?

തമംഗലം: ഇടമലയാര്‍ ആനവേട്ട കേസ് അട്ടിമറിക്കാന്‍ പെരുമ്പാവൂര്‍ ഫോറസ്റ്റ് ഫ്‌ളാിങ് സ്‌ക്വാഡ് ഓഫീസ് കേന്ദ്രീകരിച്ച് ചരടുവലികള്‍ നടന്നതായി വെളിപ്പെടുത്തല്‍. ജീവനക്കാര്‍ തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യമാണ് ഇപ്പോള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാന്‍കാരണം. ഇതേ ഓഫീസിലെ ജീവനക്കാരനാണ് ഈ കേസില്‍ തന്റെ മേലധികാരികളുടെ വഴിവിട്ട നീക്കത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. കേസിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും പരസ്യപ്പെടുത്തുകയും ചെയ്‌തെന്നും ഇതുവഴി ഇവര്‍ കുറ്റവാളികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ അവസരം നല്‍കിയെന്നുമാണ് ഫ്‌ളയിങ് സ്‌ക്വാഡ് ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ സദാശിവന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി ശിവകുമാര്‍ എന്നിവര്‍ക്കതിരെ ഉയര്‍ന്നിട്ടുള്ള പ്രധാന ആക്ഷേപം.

ഈ ഓഫീസില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലിചെയ്തുവരുന്ന ജിമ്മി സ്‌കറിയയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വനം വകുപ്പ് മന്ത്രിയുള്‍പ്പെടെ ഉന്നതാധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. പരാതിയുടെ കോപ്പി കഴിഞ്ഞ ദിവസം പുറത്തായി. കരിമ്പാനി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ആണ്ടിക്കുഞ്ഞ്, സാബു എന്നിവരുള്‍പ്പെടെയുള്ള പ്രതികളെ പിടികൂടിയതുമായി ബന്ധപ്പെട്ടതും ആനവേട്ട കേസിന്റെ ആണിക്കല്ലുമായ ആദ്യ മഹസര്‍ തയാറാക്കിയപ്പോള്‍ നടത്തിയ കൃത്രിമങ്ങള്‍ തന്നെ കേസ് പരാജയപ്പെടാന്‍ കാരണമാകുമെന്നു ജിമ്മി പരാതിയില്‍ പറയുന്നു. മഹസര്‍ സമയത്തു സ്ഥലത്തില്ലാതിരുന്ന ശിവകുമാര്‍ മനഃപ്പൂര്‍വ്വം കക്ഷിചേര്‍ന്നെന്നും ഈ ഒറ്റക്കാരണം തെളിയിക്കപ്പെട്ടാല്‍ കോടതിയില്‍ കേസ്സ് പരാജയപ്പെടുമെന്നും ഇതു കരുതിക്കൂട്ടി നടത്തിയ നീക്കമാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2016 ഏപ്രിലില്‍ വിരമിക്കാനിരിക്കുന്ന തന്റെ പേരില്‍ ഇക്കാരണത്താല്‍ യാതൊരുനടപടികളും ഉണ്ടാവാനിടയില്ലെന്ന തിരിച്ചറിവിലാണ് ശിവകുമാര്‍ കേസ്സ് അട്ടിമറിക്കാന്‍ പ്രതികളുമായി ചേര്‍ന്ന് കരുക്കള്‍ നീക്കിയതെന്നും ഇതുമൂലം, രാജ്യം കണ്ട ഏറ്റവും വലിയ ആനവേട്ടക്കേസ് യാതൊരു ചലനവും സൃഷ്ടിക്കപ്പെടാതെ പര്യവസാനിക്കുമെന്നുമാണ് നിലവിലെ സ്ഥിതിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിനപത്രത്തിന്റെ വരിസംഖ്യ മുതല്‍ വിവിധ കേസുകളുടെ പേരിലും വകുപ്പുതല വികസന പ്രവര്‍ത്തനങ്ങളുടെ പേരിലും വെട്ടിപ്പും തട്ടിപ്പും നടത്തിയും ഓഫീസിലെ ജനറല്‍ ഡയറിയില്‍ കൃത്രിമം നടത്തിയും ഇവര്‍ വന്‍സാമ്പത്തീക നേട്ടമുണ്ടാക്കുന്നുണ്ടെന്നാണ് പരാതിയിലെ മറ്റൊരാക്ഷേപം. ഓഫീസില്‍ ഒരു പത്രം മാത്രമേ വരുത്തുന്നുള്ളുവെന്നും ബില്ലില്‍ കൃത്രിമം നടത്തി രണ്ടുപത്രത്തിന്റെ വരിസംഖ്യ റെയിഞ്ചോഫീസര്‍ വര്‍ഷങ്ങളായി അടിച്ചു മാറ്റുന്നുണ്ടെന്നും വാഴച്ചാല്‍ റെയിഞ്ചോഫീസ് പരിധിയിലെ പ്ലാന്റേഷനില്‍ വൃക്ഷത്തൈകള്‍ നട്ടതിലെ ക്രമക്കേട് കരാറുകാരനില്‍ നിന്നും പണം കൈപ്പറ്റി ഒതുക്കിത്തീര്‍ത്തെന്നും പരാതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞമാസം 3ന് നല്‍കിയ പരാതിയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് വിശദമായ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിയില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുള്ളവരില്‍ മനോരമ ലേഖകന്‍ ജയന്മേനോനും ഉള്‍പ്പെടുന്നു.ആനവേട്ടകേസിന്റെ ഔദ്യോഗീക രഹസ്യങ്ങള്‍ ശിവകുമാര്‍ ജയന്‍ മേനോന് ചോര്‍ത്തി നല്‍കിയെന്നും പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജയന്‍ മേനോന് ആവശ്യത്തിലധികം സ്വാതന്ത്ര്യം ഓഫീസില്‍ അനുവദിക്കപ്പെട്ടിരുന്നു എന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമിടാറുള്ള ഓഫീസിലെ പോര്‍ച്ചില്‍ ജയന്‍ മേനോന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന കാര്‍ പാര്‍ക്ക് ചെയ്യാന്‍ അവസരം നല്‍കിയിരുന്നത് ഇതുകൊണ്ടാണെന്നും 9 പേജ് വരുന്ന പരാതിയില്‍ ജിമ്മി വ്യക്തമാക്കിയിട്ടുണ്ട്.

2012 മുതല്‍ ആനവേട്ട നടന്നതായ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇക്കൂട്ടര്‍ക്ക് യാതൊരുവിവരവും ലഭിച്ചിരുന്നില്ലന്നാണ് നിലവില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ഇത് കൃത്യനിര്‍വ്വഹണരംഗത്തെ ഇവരുടെ കനത്ത വീഴ്ചയായി മാത്രമേ കാണാന്‍ കഴിയുവെന്നും ഇക്കാര്യവും അന്വേഷണ വിധേയമാക്കണമെന്നും കോണ്‍ഗ്രസ്സ് അനുകൂലസംഘടനയായ കെ എസ് എഫ് എ യുടെ നേതാവു കൂടിയായ ജിമ്മി സ്‌കറിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2008ല്‍ തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ക്രമക്കേടുകളുടെ പേരില്‍ ശിവകുമാറിനെ പുറത്താക്കണമെന്ന് കാണിച്ച് ഉന്നതങ്ങളിലേക്ക് റിപ്പോര്‍ട്ട് നല്‍കിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്താല്‍ ഈ നിര്‍ദ്ദേശം പ്രവര്‍ത്തികമായില്ല. മാത്രമല്ല കൂറച്ചുകൂടി ഭേദപ്പെട്ട നിലയില്‍ ഇയാളെ പ്രതിഷ്ഠിക്കുകയും ചെയ്തു .ഇതോടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച ശിവകുമാറും സദാശിവനും ഈ ഓഫീസിലെ ചോദ്യം ചെയ്യാനാവാത്ത ശക്തിയായി മാറി. ആരും തങ്ങളുടെ പ്രവൃത്തികളില്‍ കൈകടത്തില്ലന്നുള്ള അതിരുകടന്ന ആത്മവിശ്വാസത്തിലാണ് ഇവരുടെ ഇപ്പോഴത്തെ നീക്കമെന്നും ഇതിന് കടിഞ്ഞാണിടാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നുംആവശ്യപ്പെട്ടുകൊണ്ടാണ് പരാതി ജിമ്മി പരാതി അവസാനിപ്പിക്കുന്നത്.

ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഈ പരാതി ലഭിച്ചിട്ട് ഒരുമാസമായിട്ടും ഇതേക്കുറിച്ചന്വേഷിക്കാന്‍ ഉന്നതാധികൃതര്‍ തയ്യാറായിട്ടില്ല. പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളവരുടെ ഉന്നത ബന്ധമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ പരാതിയില്‍ താന്‍ ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങള്‍ക്കും തെളിവ് തന്റെ പക്കലുണ്ടെന്നാണ് പരാതിക്കാരന്റെ അവകാശവാദം. ഈ സാഹചര്യത്തില്‍ വനംവകുപ്പിന്റെ കീര്‍ത്തി വാനോളം വര്‍ദ്ധിപ്പിച്ച ഇടമലയാര്‍ ആനവേട്ട കേസ്സ് കോടതിയില്‍ പരാജയപ്പെടുന്നതിന് സാധ്യതയേറെയാണ്.

ഓപ്പറേഷന്‍ ശിക്കാര്‍ എന്നു പേരിട്ടിരുന്ന ഈ കേസന്വേഷണം വഴി അന്താരാഷ്ട്ര കള്ളക്കടത്തുസംഘങ്ങളുമായും ഹവാല ഇടപാടുകാരുമായും ബന്ധമുള്ള ആനക്കൊമ്പ് കടത്തല്‍ സംഘത്തിലെ തിരുവനന്തപുരം സ്വദേശികളായ ഈഗിള്‍ രാജന്‍, അജി ബ്രൈറ്റ്, ഡല്‍ഹി സ്വദേശി ഉമേഷ് അഗര്‍വാള്‍ എന്നിവര്‍ ഉള്‍പ്പെടെ എഴുപതോളം പ്രതികള്‍ ഇരുമ്പഴിക്കുള്ളിലായി. ഉമേഷ് അഗര്‍വാള്‍ ഡല്‍ഹിയില്‍ രഹസ്യകേന്ദത്തില്‍ ഒളിപ്പിച്ചിരുന്ന 500ല്‍പ്പരം കിലോ ആനക്കൊമ്പ് അന്വേഷകസംഘം കണ്ടെടുത്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെന്നാണ് ഇതേക്കുറിച്ച് ഉദ്യോഗസ്ഥസംഘം തന്നെ പുറത്തുവിട്ടവിവരം. ഉദ്യോഗസ്ഥരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കും സാമ്പത്തീക നേട്ടത്തിനുമായി കേസ്സ് നടപടികള്‍ വഴിതിരിച്ചുവിട്ടതോടെ ഈ കേസന്വേഷണത്തിനായി ഇതുവരെ സംസ്ഥാന ഖജനാവില്‍ നിന്നും ചിലവഴിച്ച ലക്ഷങ്ങള്‍ ജലരേഖയായി മാറി എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

Top